കൊച്ചി: വ്യാജ ലോകറെക്കാഡ് സർട്ടിഫിക്കറ്റുകൾ നൽകി കബളിപ്പിച്ചെന്ന മോഡലുകളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളത്തെ സ്വകാര്യഗ്രൂപ്പിനും സി.ഇ.ഒയായ ഫോർട്ടുകൊച്ചി സ്വദേശിനിക്കുമെതിരെ പത്ത് മോഡലുകളാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
മാർച്ച്, ജൂൺ, ആഗസ്റ്റ് മാസങ്ങളിലായി കൊച്ചിയിലും ആറിന് കോട്ടയത്തുമാണ് ഫാഷൻഷോകൾ നടന്നത്. മോഡലുകളിൽനിന്നും മേക്കപ്പ് ആർട്ടിസ്റ്റുകളിൽനിന്നും വലിയ പ്രതിഫലം വാങ്ങിയാണ് സംഘാടകർ 'ലോകറെക്കോഡ്' സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് ആരോപണം. സർട്ടിഫിക്കറ്റ് ലഭിച്ചാൽ സെലിബ്രിറ്റി മോഡലാകുമെന്നായിരുന്നു സംഘാടകരുടെ വാഗ്ദാനം. ഫാഷൻ രംഗത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും വലിയ പ്രതിഫലം കിട്ടുമെന്നുമൊക്കെ വിശ്വാസിപ്പിച്ചാണ് മോഡലുകളെ ഷോയുടെ ഭാഗമാക്കിയത്. ഷോയിൽ പങ്കെടുക്കാത്തവർക്കും സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് സംശയം ഉയർന്നതെന്നും സർട്ടിഫിക്കറ്റ് തട്ടിപ്പാണെന്ന് ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തതോടെ വ്യക്തമായെന്നും പരാതിയിൽ പറയുന്നു.