ആലുവ: 1924ൽ ഏഷ്യയിലെ ആദ്യ സർവമത സമ്മേളനം ആലുവയിൽ നടന്നപ്പോൾ കവാടത്തിൽ എഴുതിയ 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' എന്ന ഗുരുദേവ സന്ദേശം ഇക്കാലത്ത് രാഷ്ട്രീയപ്പാർട്ടികൾക്കും ബാധകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആലുവ നഗരസഭ രൂപീകൃതമാകുന്നതിന് മുമ്പേ ആലുവ വ്യവസായ വാണിജ്യ കേന്ദ്രമാകുമെന്ന് തിരിച്ചറിഞ്ഞ് മഹാകവി കുമാരനാശാനോട് 'യൂണിയൻ ടൈൽസ്' ഫാക്ടറി തുടങ്ങാൻ നിർദ്ദേശിച്ചതും ഗുരുദേവനായിരുന്നു. ഗുരുദേവൻ അദ്വൈതാശ്രമവും സംസ്‌കൃതപാഠശാലയും സ്ഥാപിച്ചത് ആലുവയിലാണ്. അവിടെ കുമാരനാശാനും കുറ്റിപ്പുഴ കൃഷ്ണപിള്ളയുമെല്ലാം അദ്ധ്യാപകരുമായി.
പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തി ലോകത്തിന് മാതൃകയാക്കാൻ കേരളത്തിന് കഴിഞ്ഞു. പൊതുജനങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കണം. വിവിധ തരത്തിൽപ്പെട്ട 868 സേവനങ്ങൾ ഓൺലൈൻ മുഖേന നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര താരങ്ങളായ ബാബുരാജ്, സിജു വിൽസൺ എന്നിവരെ ആദരിച്ചു. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർമാൻ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, മിനി ബൈജു, എം.പി. സൈമൺ, ലിസ ജോൺസൺ, ഫാസിൽ ഹുസൈൻ, പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി, സെക്രട്ടറി മുഹമ്മദ് ഷാഫി, ജനറൽ കൺവീനർ എം.എൻ. സത്യദേവൻ എന്നിവർ സംസാരിച്ചു.
സർക്കാർ ആലുവയോടൊപ്പം
ആലുവ: വികസനവും പൊതുപുരോഗതിയും ആഗ്രഹിക്കുന്ന സർക്കാർ എന്നും ആലുവയോടൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലുവ ജനറൽ മാർക്കറ്റ്, ദേശീയപാതയിൽ മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തര പാലം എന്നിവ നിർമ്മിക്കാൻ സർക്കാർ സഹായിക്കണമെന്ന അൻവർ സാദത്ത് എം.എൽ.എയുടെയും നഗരസഭ ചെയർമാൻ എം.ഒ. ജോണിന്റെയും അഭ്യർത്ഥനക്ക് മറുപടിയായാണ് മുഖ്യമന്ത്രി പിന്തുണയറിച്ചത്.
വലിപ്പത്തിൽ ചെറുതാണെങ്കിലും ചരിത്രംകൊണ്ട് മഹത്വമുള്ള നഗരമാണ്. ആലുവയുടെ ജലസമൃദ്ധിയും ചരിത്രത്തിലുണ്ട്. ഏത് കാലത്തും വെള്ളം ലഭ്യമാകുന്ന നാടാണ് ആലുവയെന്നും മുഖ്യമന്ത്രി പറഞ്ഞു.