
കോലഞ്ചേരി: മൂന്നുദിവസമായി തുർടച്ചയായി പെയ്തമഴയിൽ പുത്തൻകുരിശ് പഞ്ചായത്തിലെ വടവുകോട് നാലുസെന്റ് കോളനിയിലെ നാല് വീടുകൾ മണ്ണിടിച്ചിലിനെ തുടർന്ന് അപകടാവസ്ഥയിലായി. തോമ്പ്രക്കരോട്ട് ഗീതു സുധീഷ്, കൊട്ടോടിൽ ഓമന കുമാരൻ, കയ്യാരുപറമ്പിൽ അനിൽകുമാർ, കിഴക്കനേത്ത് ജോസ് എന്നിവരുടെ വീടുകളുടെ കരിങ്കല്ലിൽ പണിതീർത്ത തറ ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്.
വീടുകൾ ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. നാല് കുടുംബങ്ങളെയും അടിയന്തരമായി മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ പറഞ്ഞു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു.
ഗൃഹപ്രവേശം നടന്നത് ഇന്നലെ
സുധീഷിന്റെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾ നടന്നത് ഇന്നലെയാണ്. നിർമ്മാണ സമയത്ത് ബന്ധുവീട്ടിൽ താമസമാക്കിയിരുന്ന ഇവർ ഇന്നലെ മുതൽ വീട്ടിലെത്തി അന്തിയുറങ്ങാൻ തുടങ്ങുന്ന വേളയിലാണ് അപ്രതീക്ഷിതമായി ദുരന്തം വന്നുപെട്ടത്. 3 സെന്റിൽ ലൈഫ് പദ്ധതിയിൽപെടുത്തി നിർമ്മിച്ച വീടുകളാണിത്.