തൃക്കാക്കര: അജ്ഞാതവാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ കിടക്കുകയായിരുന്ന ലോട്ടറി വില്പനക്കാരൻ മരിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശി സുരേഷാണ് (57) മരിച്ചത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് വാഴക്കാല നന്ദനം ഹോട്ടലിന് സമീപം റോഡരികിൽ അവശനിലയിൽ കണ്ടെത്തിയത്. സി.പി.എം നേതാവ് ലുക്മാനുൽ ഹക്കീമിന്റെ നേതൃത്വത്തിൽ സുരേഷിനെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുരേഷിന്റെ ബന്ധുക്കൾ എത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ വെളുപ്പിന് മൂന്നുമണിയോടെ മരിച്ചു. പോസ്റ്റുമോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ ക്ഷതമുണ്ടെന്ന് കണ്ടെത്തി. ഇടിച്ച വാഹനം നിറുത്താതെ പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.