കൊച്ചി: പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെ മുഖ്യധാരയിലെത്തിക്കാനും വൈവിധ്യങ്ങളെ പരിപോഷിപ്പിക്കാനും കഴിയുന്ന വിധത്തിൽ ബൃഹത്തായ മേളയായി വളരാൻ കൊച്ചി ബിനാലെയ്ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിലോമ ശക്തികൾക്കെതിരെ വൈവിധ്യമാർന്ന സാംസ്‌കാരിക പ്രാതിനിധ്യത്തിലൂടെ ചെറുത്തുനിൽപ്പുകൾക്കു കരുത്തു പകരുന്നു എന്നതാണ് കലാപരമായ അംശത്തിനു പുറമെ ബിനാലെയുടെ രാഷ്ട്രീയമാനമെന്ന് അദ്ദേഹം പറഞ്ഞു. ഒരൊറ്റ വംശം, ഒരൊറ്റ ഭാഷ, ഒരൊറ്റ വേഷം എന്നിങ്ങനെ പ്രതിലോമപരമായ ആശയങ്ങൾ നടപ്പാക്കാൻ പല ശക്തികളും ശ്രമിക്കുന്ന കാലമാണിത്. കലാമികവു പ്രകടിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങൾക്കും അവസരമൊരുക്കുന്ന ജനാധിപത്യപരമായ സമീപനമാണ് ബിനാലെയ്ക്കുള്ളത് എന്നതും ശ്രദ്ധേയമാണ്.

അന്താരാഷ്ട്ര തലത്തിലേക്ക് അഭിമാനകരമായി വളർന്ന ബിനാലെയുടെ സാംസ്‌കാരിക പ്രാധാന്യം ഉൾക്കൊണ്ടുതന്നെയാണ് ഇത്തവണ മേളയ്ക്ക് ധനസഹായമായി ഏഴു കോടി രൂപ നൽകാൻ സർക്കാർ തയ്യാറായത്. ഇന്ത്യയിൽ ഒരു സാംസ്‌കാരിക പരിപാടിക്കു നൽകുന്ന ഏറ്റവും വലിയ സർക്കാർ സഹായമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക കലയ്ക്കും ടൂറിസത്തിനും കൊച്ചിയിലേക്കും കേരളത്തിലേക്കും ബിനാലെ വാതായനമായെന്ന് കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, കൊച്ചി മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്‌സി, ടി.ജെ. വിനോദ്, മുൻമന്ത്രി കെ.വി. തോമസ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവേൽ ലുനൊ, കോസ്റ്റ് ഗാർഡ് കമാൻഡർ എൻ. രവി, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റി കൂടിയായ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ് എന്നിവർ പങ്കെടുത്തു.

'നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും' എന്ന പ്രമേയത്തിൽ 14 വേദികളിലായി ഏപ്രിൽ 10വരെ ബിനാലെ ഒരുക്കുന്ന കലാവസന്തം തുടരും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും.