
കൊച്ചി: സുഖകരവും സുരക്ഷിതവുമായ യാത്രയൊരുക്കി കൊച്ചിക്കാരുടെ മനംകവർന്ന ബോട്ടായ 'വേഗ"യുടെ രണ്ടാം വരവിനായ് കാത്ത് യാത്രക്കാർ. ഓളപ്പരപ്പിൽ നിന്ന് 'വേഗ" പോയിട്ട് മാസം മൂന്നായി. അറ്റകുറ്റപ്പണികൾക്കായി കയറ്റിയ ബോട്ട് എന്നെത്തുമെന്ന് ചോദിക്കുകയാണ് കൊച്ചിക്കാർ. 2018ൽ സർവീസ് ആരംഭിച്ച കറ്റാമറൈൻ ബോട്ടാണ് വേഗ.
വൈക്കം-എറണാകുളം റൂട്ടിൽ ഓടിയിരുന്ന ബോട്ട് കൊവിഡിന് ശേഷം സർവീസ് ആരംഭിച്ചെങ്കിലും വലിയ നഷ്ടത്തിലായിരുന്നു. 120 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ പ്രതിദിനം കയറിയത് വെറും 15 പേർ. ഡീസൽ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കനത്ത നഷ്ടം വകുപ്പിനുണ്ടാക്കി.
നഷ്‌ടം ഒഴിവാക്കാൻ എറണാകുളത്ത് നിന്ന് കമാലക്കടവിലേക്ക് വേഗ ഷട്ടിൽ സർവീസ് ആരംഭിച്ചിരുന്നു. രാവിലെ 7.30ന് വൈക്കത്ത് നിന്ന് പുറപ്പെടുന്ന ബോട്ട് 9.30ന് എറണാകുളത്തെത്തുന്ന വിധമായിരുന്നു സർവീസ്. 10 മുതൽ വൈകിട്ട് അഞ്ചുവരെ എറണാകുളം- ഫോർട്ട്കൊച്ചി- കമാലക്കടവിലേക്ക് പ്രതിദിനം 12 സവീസുകളാണ് ഉണ്ടായിരുന്നത്. വൈകിട്ട് 5.30ന് വൈക്കത്തേക്ക് തിരിച്ചും പോയിരുന്നു.
ടിക്കറ്റും വരുമാനവും
എറണാകുളം- വൈക്കം റൂട്ടിൽ എ.സിക്ക് 80 രൂപയും നോൺ എ.സിക്ക് 40 രൂപയും എറണാകുളം ഫോർട്ട്കൊച്ചി- കമാലക്കടവ് റൂട്ടിൽ എ.സിക്ക് 30 രൂപയും നോൺ എ.സിക്ക് 15 രൂപയുമായിരുന്നു വേഗയ്ക്ക് ടിക്കറ്റ് നിരക്ക്. കൊച്ചി- എറണാകുളം റൂട്ടിൽ മാത്രം സർവീസ് നടത്തിയിരുന്ന ബോട്ടിന് പ്രതിദിനം 1,500 രൂപയോളമാണ് വരുമാനം ലഭിച്ചിരുന്നത്. ഷട്ടിൽ ആരംഭിച്ചതോടെ ഇത് 35,000 രൂപയായി വർദ്ധിച്ചു.
വേഗം വരണേണ്...
വേഗ ബോട്ടിന്റെ സർവീസ് 20 ദിവസത്തിനുള്ളിൽ പുനരാരംഭിച്ചേക്കുമെന്ന് ജലഗതാഗത വകുപ്പ് സൂചിപ്പിച്ചു. ചട്ടപ്രകാരമുള്ള അറ്രകുറ്റപ്പണിയാണ് ഇപ്പോൾ നടക്കുന്നത്.
കേരള മാരിട്ടൈം ബോർഡിന്റെ സർവേയർമാരും ഐ.ആർ.എസ് സർവേയർമാരും പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന മുറയ്ക്ക് വീണ്ടും സർവീസ് തുടങ്ങും. ടൂറിസവുമായി ബന്ധപ്പെടുത്തിയുള്ള സർവീസും ആലോചിക്കുന്നുണ്ട്.
''20 ദിവസത്തിനകം വേഗ സർവീസ് ആരംഭിക്കും. സർവേയർമാരുടെ പരിശോധനാ സർട്ടിഫിക്കറ്റിനായി കാക്കുകയാണ്""
ഷാജി വി. നായർ,
ഡയറക്ടർ,
ജലഗതാഗത വകുപ്പ്.