sa

കുറുപ്പംപടി: ശബരിമലക്കാലത്തും കുറുപ്പംപടി കുറിച്ചിലങ്ങാട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് തെല്ലും മാറ്റമില്ല. റോഡിലായി രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികളാണ് ശബരിമല യാത്രികൾക്ക് ഉൾപ്പെടെ പ്രതിസന്ധിയാവുന്നത്. നിലവിൽ നാട്ടുകാർ തന്നെ മണ്ണും കല്ലുമിട്ട് നികത്തിയിരിക്കുകയാണ്. നിലവിൽ കുറുപ്പംപടി മുതൽ കീഴില്ലം വരെയുള്ള ഭാഗത്തെ റോഡ് മറികടക്കുക അതികഠിനമാണ്. റോഡിന്റെ പണികൾ പാതി വഴിയിൽ ഉപേക്ഷിച്ച് കിഫ് ബി പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണം. പൊതുമരാമത്തിന് വിഷയത്തിൽ കത്തും നൽകിയതോടെ പണി പുന:രാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുമരാമത്തെന്ന് അധികൃതർ പറയുന്നു.

ശബരിമല യാത്രികരുടെ തിരക്കുമൂലവും കാലടിപാലത്തിൽ ഉണ്ടാകുന്ന ബ്ലോക്ക് മറികടക്കുന്നതിന് വേണ്ടി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്നുപോകുന്ന അയ്യപ്പഭക്തരും ദൂരയാത്രികരും അങ്കമാലി, കാലടി എന്നിവിടങ്ങളിൽ തിരിഞ്ഞ് നീലീശ്വരം വഴി മലയാറ്റൂർ പാലം കടന്ന് കുറച്ചിലക്കോട് ജംഗ്ഷനിൽ എത്തി കുറുപ്പംപടി വഴി കീഴില്ലം എം.സി റോഡിലേക്ക് പോവുന്നത്.

നിലവിൽ റോഡിൽ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്. പൊതുജന പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയകക്ഷി നേതാക്കളും നിരവധി തവണ ഈ റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് അധികൃതരോട് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും യാതൊരുവിധ നടപടികളും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. 15 വർഷത്തിനു മുകളിലായി റോഡിൽ ടാറിംഗ് നടത്തിയിട്ടെന്ന് നാട്ടുകാർ പറയുന്നു.

പൊതുമരാമത്ത് വകുപ്പും കിഫ്ബിയും തമ്മിലുള്ള തർക്കമാണ് കുറുപ്പംപടി കീഴില്ലംറോഡിന്റെ ദുരവസ്ഥയ്ക്ക് മുഖ്യകാരണം. താലൂക്ക് വികസന സമിതി യോഗത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ബേസിൽ പോൾ

പ്രസിഡന്റ്

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്.

കുറുപ്പംപടി മുതൽ നെല്ലിമോളം വരെയുള്ള ഭാഗത്ത് ജോലികൾ ചെയ്യുന്നതിന് വേണ്ടി 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അനുമതിക്ക് വേണ്ടി നവംബർ മാസത്തിൽ സമർപ്പിച്ചിട്ടുണ്ട്. അനുമതി കിട്ടുന്ന മുറയ്ക്ക് പണികൾ തുടങ്ങുന്നതാണ്.

എക്സിക്യൂട്ടീവ് എൻജിനിയർ

പൊതുമരാമത്ത് വകുപ്പ്

കുറുപ്പംപടി