അധികത്തുക ചെലവഴിക്കാൻ സർക്കാർ അനുമതി
കൊച്ചി: മുല്ലശേരി കനാലിലെ വാട്ടർ അതോറിറ്റി പൈപ്പ്‌ലൈൻ മാറ്റി സ്ഥാപിക്കാൻ വേണ്ടുന്ന അധികത്തുക ചെലവഴിക്കാനും ഇതിനായി കരാറുകാരനെ പണി ഏല്പിക്കാനും സർക്കാർ അനുമതി നൽകി. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെടുന്ന ഒരുകൂട്ടം ഹർജികളിലാണ് സർക്കാർ ഇത് ഹൈക്കോടതിയെ അറിയിച്ചത്.
സർക്കാരിന്റെ നടപടിയിൽ സംതൃപ്‌തി രേഖപ്പെടുത്തിയ സിംഗിൾബെഞ്ച് പൈപ്പ്ലൈനുകൾ മാറ്റാനുള്ള നടപടികൾ വേഗം തുടങ്ങണമെന്ന് നിർദ്ദേശിച്ചു. എം.ജി റോഡിലെ നടപ്പാതകളുടെ കാര്യത്തിലും അടിയന്തരനടപടി വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. എം.ജി റോഡിലെ ഡ്രെയിനേജ് സംവിധാന പരിഷ്കരിക്കണക്കാര്യത്തിൽ ഫീൽഡ് സ്റ്റഡി നടത്തണമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ ശുപാർശ ചെയ്തിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഹർജികൾ ഡിസംബർ 22ന് പരിഗണിക്കാൻ മാറ്റി.
കോടതി നിർദ്ദേശങ്ങൾ.
മുല്ലശേരി കനാലിലെ പൈപ്പുകൾ നീക്കാനുള്ള ടെൻഡർ നടപടികൾ വാട്ടർ അതോറിറ്റി അന്തിമമാക്കണം. പൈപ്പുകൾ നീക്കൽ എന്ന് പൂർത്തിയാക്കാനാവുമെന്ന് അടുത്തതവണ ഹർജി പരിഗണിക്കുമ്പോൾ അറിയിക്കണം.
എം.ജി റോഡിലെ ഡ്രെയിനേജ് സംവിധാനം പരിഷ്കരിക്കുന്ന കാര്യത്തിൽ ഫീൽഡ് സ്റ്റഡി നടത്താൻ പൊതുമരാമത്ത് വകുപ്പിന് അനുമതി നൽകുന്നു. റിപ്പോർട്ട് തയ്യാറാക്കി വേഗം കോടതിക്ക് സമർപ്പിക്കണം.