
കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ 2023 ജനുവരി 5 മുതൽ 16 വരെ നടതുറപ്പ് മഹോത്സവം ആഘോഷിക്കും. അൻവർ സാദത് എം.എൽ.എ, കളക്ടർ എസ്. രേണുരാജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു.
ഭക്തജനങ്ങളുടെ സുഗമവും സുരക്ഷിതവുമായ ദർശനത്തിന് അൻപതിനായിരം ചതുരശ്ര അടിയിൽ ക്യൂ നിൽക്കുന്നതിനുള്ള പന്തൽ, ബാരിക്കേഡ്, ഫ്ളൈ ഓവർ എന്നിവയുടെ പണികൾ യോഗം വിലയിരുത്തി.
ആലുവ- പെരുമ്പാവൂർ ദേശസാത്കൃത റോഡും ദേശം, ശ്രീമൂലനഗരം റോഡും അകവൂർ തെക്കുംഭാഗം റോഡും ഉത്സവത്തിനു മുമ്പ് അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കും.
കുളിക്കടവുകളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചെളി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങി.. ക്ഷേത്ര പരിസരത്ത് ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്ലാസ്റ്റിക് മുക്തമാക്കി ഉത്സവം നടത്തുന്നതിനുള്ള നടപടികൾ ഉണ്ടാകും.
അവലോകന യോഗത്തിൽ പെരുമ്പാവൂർ എ.എസ്.പി. അനൂജ് പലിവാൽ, കാലടി എസ്.എച്ച്.ഒ. എൻ.എ. അനൂപ്, ശ്രീമൂലനഗരം, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. മാർട്ടിൻ, ഗോപാൽ ഡിയോ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഷെബീർ അലി, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് അംഗം ഷിജിത സന്തോഷ്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂൺകുമാർ, വൈസ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ, ജോ. സെക്രട്ടറി പി.ജി. സുകുമാരൻ, ട്രസ്റ്റ് അംഗങ്ങളായ കെ.ജി. വേണുഗോപാൽ, എൻ. ഷാജൻ എന്നിവർ പങ്കെടുത്തു.