കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023-24 വാർഷിക പദ്ധതി രൂപീകരണത്തിനുള്ള ആസുത്രണ സമിതിയും വർക്കിംഗ് ഗ്രൂപ്പും യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ നടന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു. പുതിയ വാർഷിക പദ്ധതി രൂപീകരണം സംബന്ധിച്ച് വിവിധ കർമ്മസമിതികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്തു. നടപ്പുവാർഷിക പദ്ധതി സംബന്ധിച്ച വിവരങ്ങൾ പ്രസിഡന്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റി.എച്ച്. നൗഷാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പടപ്പറമ്പത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ ശശി തുടങ്ങിയവർ പ്രസംഗിച്ചു.