പെരുമ്പാവൂർ: നെടുമ്പാറയിൽ തുടർച്ചയായി കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നു. ആന ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഡി.എഫ്.ഒ ഓഫിസിനു മുന്നിൽ ജനകീയ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

ഇന്ന് രാവിലെ ഡി.എഫ്.ഒ ഓഫിസിലേക്കു മാർച്ച് നടത്തും. കഴിഞ്ഞ 7 മുതൽ 11 വരെ തുടർച്ചയായി തോമ്പ്രാക്കുടി തങ്കപ്പന്റെ വാഴത്തോട്ടം നശിപ്പിച്ചു. പാട്ടത്തിനെടുത്തു കൃഷി ചെയ്തു വരികയായിരുന്നു. ഇക്കാര്യം ഡി.എഫ്.ഒയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. പ്രക്ഷോഭത്തിനായി നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചു.

കൂവപ്പടി, വേങ്ങൂർ പഞ്ചായത്ത് അതിർത്തിയിലുള്ള തേക്ക് പ്ലാന്റേഷനോടു ചേർന്ന കൃഷിയിടങ്ങൾ പെരിയാർ നദി കടന്നെത്തിയ കാട്ടാനകൾ നിരന്തരമായി നശിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആവശ്യപ്പെട്ടു. തെങ്ങ്, വാഴ, കമുക്, പൈനാപ്പിൾ, റബർ, കപ്പ എന്നീ കൃഷികൾക്കാണ് ഏറെ നാശമുണ്ടായത്

അഭയാരണ്യം പദ്ധതി പ്രദേശത്ത് കഴിഞ്ഞ ഒരു മാസമായി നിൽക്കുന്ന കാട്ടാനക്കൂട്ടത്തെ മറുകരയിലേക്ക് തുരത്തുന്നതിനുള്ള നടപടി വനം വകുപ്പ് സ്വീകരിക്കണം.താളിപ്പാറയിലും പാണംകുഴിയിലും കാട്ടാനകൾ ഇറങ്ങിയ സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു. ആർ.ആർ.ടി ടീമിനൊപ്പം പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി രാത്രി പട്രോളിംഗ് ആരംഭിക്കണമെന്നും കൃഷി നാശമുണ്ടായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.