പെരുമ്പാവൂർ : വാഴക്കുളം ചെമ്പറക്കി ജാമിഅ ഹസനിയ്യ പബ്ലിക് സ്‌കൂളിന്റെയും റോബോവേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വത്തിൽ നടന്ന റോബോട്ടിക്‌സ് പരിശീലനം സമാപിച്ചു. പരിശീലന ക്യാമ്പിൽ ജാമിഅ ഹസനിയ്യ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.

റോബോട്ടിക് സാങ്കേതികതയ്ക്കുള്ള പ്രാധാന്യം മനസിലാക്കി റോബോട്ടുകളുടെ നിർമ്മാണത്തിന്റെ സാങ്കേതിക വശങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രാവീണ്യം നൽകുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഓരോരുത്തരും റോബോട്ടിക് നിർമ്മാണത്തിൽ തങ്ങളുടേതായ കഴിവ് തെളിയിക്കുകയും ചെയ്തു. സ്‌കൂളിന്റെ ചെയർമാനും നെസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെ മാനേജിംഗ് ഡയറക്ടറുമായ എൻ. ജഹാംഗിർ, മാനേജർ ഡാരൽ അരൂജ, പ്രിൻസിപ്പൽ അനീസ കമർ എന്നിവർ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അഭിനന്ദിച്ചു.