കൊച്ചി: അശ്രദ്ധമായി ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച കേസിൽ പ്രതിയായ കൂത്താട്ടുകുളം എടയാർ കുന്നുമ്മേൽ വീട്ടിൽ ആൽബിൻ ബാബുവിന് (27) എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. പൊതുവഴിയിലൂടെ അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് മൂന്നുമാസവും അപകടത്തെത്തുടർന്ന് ഒരാൾ മരിച്ച സാഹചര്യത്തിൽ മന:പൂർവമല്ലാത്ത നരഹത്യാക്കുറ്റത്തിന് രണ്ടുവർഷവുമാണ് തടവുശിക്ഷ.
2016 മേയ് പത്തിന് രാത്രി എട്ടിനാണ് അപകടമുണ്ടായത്. ആൽബിൻ അശ്രദ്ധമായ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ കാളി പരമേശ്വരന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ പിറ്റേന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചു.
കലൂർ - കടവന്ത്ര റോഡിൽ അമിതവേഗത്തിൽ അലക്ഷ്യമായി പ്രതി ഓടിച്ചിരുന്ന കാർ വലതു വശത്തേക്ക് സിഗ്നൽ ഇൻഡിക്കേറ്റർ ഇടാതെ തിരിഞ്ഞതാണ് അപകടമുണ്ടാക്കിയത്. ഗുരുതരമായി പരിക്കേറ്റ കാളി പരമേശ്വരനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് ലിസി ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.