തൊടുപുഴ: ഉയർന്ന ജാതിയിൽ ജനിച്ചവരല്ലെന്ന കാരണംപറഞ്ഞ് ശബരിമല ക്ഷേത്രത്തിലെ മേൽശാന്തി അപേക്ഷകൾ തള്ളിയത് കേരളനവോത്ഥാനം ഇനിയും പൂർണമായിട്ടില്ല എന്നതിന്റെ തെളിവാണെന്ന് ഡോ.അമൽ സി.രാജൻ പറഞ്ഞു. ശ്രീനാരായണ ഗുരു: കേരള നവോത്ഥാന ചരിത്രത്തിലും വിഭിന്ന സാഹിത്യത്തിലും എന്ന വിഷയത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൗരോഹിത്യാവകാശത്തിനുവേണ്ടിയുള്ള പോരാട്ടം നവോത്ഥാനത്തിന്റെ തുടർച്ചയാണ്. 1923ൽ തൃശൂർ കാരമുക്ക് ചിദംബരക്ഷേത്രത്തിൽ ദീപപ്രതിഷ്ഠ നടത്തിക്കൊണ്ട് ഗുരു വെളിച്ചമുണ്ടാകട്ടെ എന്നാശംസിച്ചു. ഗുരു ആഗ്രഹിച്ച വെളിച്ചത്തിലേക്ക് കേരളീയസമൂഹം ഇനിയുമെത്തിയിട്ടില്ലെന്നാണ് ശബരിമല മേൽശാന്തി നിയമനക്കേസിലൂടെ തെളിയുന്നത്. ശ്രീനാരായണഗുരു ദീപപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിലെ മേൽശാന്തിയാണ് അപേക്ഷ തള്ളിയതിനെത്തുടർന്ന് കോടതിയെ സമീപിച്ച ഹർജിക്കാരിൽ ഒരാൾ. അദ്ദേഹത്തിന് അർഹതയില്ലന്ന് പറയുന്നത് അയിത്താചരണമല്ലാതെ മറ്റൊന്നുമല്ലെന്ന് അമൽ സി.രാജൻ പറഞ്ഞു.
ഡോ. ദർശന മനയത്ത് ശശി (യൂണിവേഴ്‌സിറ്റി ഒഫ് ടെക്സാസ്, അമേരിക്ക) സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. ആനി തോമസ്, ഡോ. സിസ്റ്റർ ബിൻസി സി.ജെ, പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, പ്രൊഫ. ഡോ.എൻ. അജയൻ എന്നിവർ പ്രസംഗിച്ചു.