crime

ആലുവ: മാർത്താണ്ഡവർമ്മ പാലത്തിന് മുകളിൽ കയറി പെരിയാറിലേക്ക് ചാടി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും ഫയർഫോഴ്‌സും ബലം പ്രയോഗിച്ച് താഴെ ഇറക്കി. അടിമാലി മാമലകണ്ടം ആദിവാസി കോളനിയിൽ താമസിക്കുന്ന അരുൺ പ്രകാശ് (35)നെയാണ് രക്ഷിച്ചത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കാൽനട യാത്രക്കാരനായി പാലത്തിലെ ഫുട്പാത്തിലൂടെ വന്നശേഷം പെടുന്നനെ പാലത്തിന്റെ ആർച്ചിലേക്ക് കയറുകയായിരുന്നു. റോഡിൽ വാഹനങ്ങൾ കടന്നുപോകുകയും കാൽനട യാത്രക്കാർ നോക്കി നിൽക്കേയുമാണ് സംഭവം.

രോഗബാധിതനായ തനിക്ക് മരുന്നുവാങ്ങാൻ പണമില്ലെന്നും നാട്ടുകാരും ബന്ധുക്കളും തന്റെ വിഷമങ്ങളൊന്നും കേൾക്കുന്നില്ലെന്നും വിളിച്ചുപറഞ്ഞാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സും ഏണിയുമായി പാലത്തിന് മുകളിൽ കയറി യുവാവിനെ സാന്ത്വനിപ്പിച്ചും ബലം പ്രയോഗിച്ചും താഴെ ഇറക്കുകയായിരുന്നു.

അവശനിലയിലായിരുന്ന യുവാവിനെ തുടർന്ന് ആലുവ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. മാസങ്ങൾ മുമ്പും ഇയാൾ ഇത്തരത്തിൽ ഇവിടെയെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ്. അന്നും പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ 45 മിനിറ്റോളം ഗതാഗതം സ്തംഭിച്ചു.