
കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്‌പാർക്കിന്റെ അപ്ഡേഷന്റെ ഭാഗമായി ജീവനക്കാർ വിടുതൽ തീയതിയടക്കം ചേർക്കണമെന്ന ധനവകുപ്പിന്റെ സർക്കുലറും ഇക്കാര്യത്തിൽ വിദ്യാഭ്യാസവകുപ്പ് നൽകിയ നിർദേശവും പ്രീപ്രൈമറി സ്കൂൾ അദ്ധ്യാപകർക്കും ആയമാർക്കും ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇവർക്ക് സെപ്തംബർമുതലുള്ള ഓണറേറിയം വിതരണം ചെയ്യാനും ജസ്റ്റിസ് രാജ വിജയരാഘവൻ നിർദേശിച്ചു. നവംബർ 14ലെ ധനവകുപ്പിന്റെ സർക്കുലറിനെതിരെ അഞ്ച് പ്രീപ്രൈമറി അദ്ധ്യാപകർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. വിടുതൽ തീയതിയടക്കമുളള വിവരങ്ങൾ ചേർക്കാൻ ആവശ്യപ്പെടുന്നത് തങ്ങളെ കരാറുകാരാക്കി മാറ്റാനാണെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു.