മൂവാറ്റുപുഴ: ശാരദ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മൂവാറ്റുപുഴ കിഴക്കേക്കര ശ്രീരാമകൃഷ്ണാശ്രമത്തിൽ ശാരദാ ദേവിയുടെ പേരിൽ ലൈബ്രറി തുറക്കും. 18ന് രാവിലെ 11ന് മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും. ആശ്രമ മഠാധിപതി സ്വാമി അക്ഷയാത്മാനന്ദ അദ്ധ്യക്ഷത വഹിക്കും. ചരിത്രകാരൻ എസ്. മോഹൻദാസ് സൂര്യനാരായണനെ ആദരിക്കും. രാവിലെ 9ന് മൂവാറ്റുപുഴ ഉപാസനാമണ്ഡലിയുടെ സൗന്ദര്യലഹരി പാരായണം, 10ന് കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം സ്‌കൂൾ, തൃശൂർ പുറനാട്ടുകര ശ്രീശാരദാ മഠം എന്നിവിടങ്ങളിലെ അദ്ധ്യാപികമാരുടെ നേതൃത്വത്തിൽ ഭജന, 12.15ന് ആരതി, 12.30ന് പ്രസാദ ഊട്ട് എന്നിവയുണ്ടാകും. 1500 പുസ്തകങ്ങളുള്ള ലൈബ്രറി മന്ദിരം ഷിപ്പ്യാർഡിന്റെ ധന സഹായത്തോടെയാണ് നിർമ്മിച്ചത്. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ വൈകിട്ട് മൂന്ന് മുതൽ ആറ് വരെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ശ്രീരാമകൃഷ്ണ പരമഹംസൻ, സ്വാമി വിവേകാനന്ദൻ എന്നിവരുടെ കൃതികൾ, പഠനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്.