കുറുപ്പംപടി : കുറുപ്പംപടി ടൗണിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഇറങ്ങുന്നില്ല. വാഹനങ്ങൾ തോന്നുംപടി തലങ്ങുംവിലങ്ങും പായുന്നത് അപകടഭീതി ഉയർത്തുന്നു.
വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനോ യാത്ര സുഗമമാക്കുന്നതിനോ പൊലീസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടികളുമുണ്ടാകില്ലെന്നാണ് ആക്ഷേപം. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നുള്ള തരത്തിലാണ് വാഹനങ്ങൾ റോഡ് മുറിച്ചു കടക്കുന്നത്. ആലുവ-മൂന്നാർ റോഡിനെ മുറിച്ച് കടക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ മിക്കവാറും ചെറിയ അപകടങ്ങളിൽപ്പെടാറുണ്ട്. എത്രയും വേഗം സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കുകയോ പൊലീസിന്റെ ട്രാഫിക് നിയന്ത്രണം കൊണ്ടുവരുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
മുൻകാലങ്ങളിൽ കുറുപ്പംപടി സ്റ്റേഷനിൽ നിന്ന് ഒരു പൊലീസുകാരനെ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിരുന്നു. എന്നാൽ ആ സംവിധാനം ഇപ്പോൾ നിലവിലില്ല. അതുകൊണ്ടുതന്നെ ടൗണിൽ ഗതാഗതക്കുരുക്കും പതിവായിക്കഴിഞ്ഞു. മണ്ഡലകാലം ആരംഭിച്ചത് മുതൽ അങ്കമാലിയിൽ നിന്നും കാലടിയിൽ നിന്നും തിരിഞ്ഞു വരുന്ന വാഹനങ്ങൾ കുറുപ്പംപടിയിലൂടെ കടന്നുപോകുന്നതിനാൽ ഗതാഗതക്കുരുക്ക് പതിവിലും രൂക്ഷമായിരിക്കുകയാണ്. അനധികൃതമായി റോഡിന് ഇരുവശവും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
നാലുവരിപ്പാതയുടെ അലൈൻമെന്റ് കുറുപ്പംപടിയിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകും. അത് പരിഷ്കരിക്കണം. റോഡിന് ഇരുവശത്തും പാർക്കിംഗ് നിരോധിക്കുകയും പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് വാർഡൻമാരെ നിയമിക്കുകയുംവേണം. പ്രധാന സ്ഥലങ്ങളിൽ സീബ്രാലൈനും വരയ്ക്കണം.
ബേസിൽ പോൾ, പ്രസിഡന്റ് , കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്.