padam
nirbhayam

കൊച്ചി: സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കേരള പൊലീസ് പുറത്തിറക്കിയ 'നിർഭയം' ആപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വെറുംവാക്കായില്ല. സഹായംതേടി ഇതുവരെ എത്തിയ 1,311 അലർട്ടുകളിലും പൊലീസിന്റെ സഡൻ ആക്‌ഷൻ. ലഭിച്ച പരാതികളിലെല്ലാം നടപടിയെടുത്തു.

ആപത് ഘട്ടങ്ങളിൽ ആപ്പ് ഉപയോഗിച്ചവരിൽ അധികവും കണ്ണൂർ നഗരവാസികളാണ്. 433 സ്ത്രീകൾ. കോഴിക്കോടാണ് തൊട്ടുപിന്നിൽ, 359പേർ. മൂന്നാംസ്ഥാനത്ത് കൊല്ലമാണ്, 217. കോഴിക്കോട് റൂറൽ, ആലപ്പുഴ, തൃശൂർ റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ നിന്ന് ആരും സഹായം തേടിയില്ല. 2021 ഫെബ്രുവരി മുതൽ 2022 ഡിസംബർ അഞ്ചുവരെയുള്ള ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

*ആപ്പ് ഇങ്ങനെ

ആപ്പിലെ ഹെൽപ്പ് ബട്ടൺ 5 സെക്കൻഡ് അമർത്തിപ്പിടിച്ചാൽ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിലും കൺട്രോൾ റൂമിലും സന്ദേശം ലഭിക്കും. ലൊക്കേഷൻ ലഭിക്കുന്നതിനാൽ പൊലീസിന് നിമിഷങ്ങൾക്കകം എത്തി സഹായിക്കാനാകും.

*ഭർത്താവിന്റെ ഇടി

70 ശതമാനം വിളികളും കുടുംബപ്രശ്നങ്ങളുടെ പേരിലാണ്. മദ്യപിച്ച് ക്രൂരമായി മർദ്ദിക്കുന്ന ഭർത്താവാണ് പ്രധാനപ്രശ്നം, പിന്നാലെ നടന്ന് ശല്യംചെയ്യൽ മുതൽ യാത്രയ്ക്കിടെ ഒറ്റപ്പെടുന്ന സന്ദർഭങ്ങളിൽവരെ സ്ത്രീകൾക്ക് ആപ്പ് തുണയായി. 10 ശതമാനം കേസുകൾ ഗൗരവമുള്ളതാണ്.

* പ്രതിദിനം നൂറോളം പേർ

പുറത്തിറക്കി എട്ടുമാസം പിന്നിടുമ്പോൾ ഒരുലക്ഷത്തിലധികംപേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ആപ്പ് ജനകീയമാക്കാൻ പ്രത്യേക പ്രചാരണം സംഘടിപ്പിച്ചിരുന്നു. പ്രതിദിനം 100 പേർ വരെ ആപ്പ് ഡൗൺലോഡ് ചെയ്യുന്നുണ്ട്.

*നിർഭയം ആപ്പ്

• ഇന്റർനെറ്റ് കവറേജ് ഇല്ലാതെയും ഉപയോഗിക്കാം.
• ഓരോ ജില്ലയ്ക്കും ഓരോ കൺട്രോൾറൂം
• ഏതു ജില്ലയിൽ നിന്നും സഹായം അഭ്യർത്ഥിക്കാം.
• ഫോട്ടോ, വീഡിയോ എടുത്തയയ്ക്കാം

• ശബ്ദസന്ദേശം കൈമാറാം
• അക്രമി ഫോൺ തട്ടിയെടുത്താലും സന്ദേശം റദ്ദാകില്ല
• ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യം

*മേഖല - ലഭിച്ച പരാതി

തിരുവനന്തപുരം സിറ്റി -49
തിരുവനന്തപുരം റൂറൽ-9
കൊല്ലം റൂറൽ-42
പത്തനംതിട്ട -1
കോട്ടയം- 18
ഇടുക്കി -2
കൊച്ചി സിറ്റി -95
എറണാകുളം റൂറൽ -20
തൃശൂർ സിറ്റി -57
പാലക്കാട് -3
മലപ്പുറം -2
വയനാട് -2
കാസർകോട്-2