
കൊച്ചി: വനങ്ങൾക്ക് ചുറ്റും ബഫർ സോൺ നിശ്ചയിക്കാൻ വനംവകുപ്പ് നടത്തുന്ന ഉപഗ്രഹ സർവേയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉപഗ്രഹ സർവേ അംഗീരിക്കപ്പെട്ടാൽ കൊച്ചി നഗരത്തിലും ജില്ലയുടെ കിഴക്കൻ മേഖലയിലും ആയിരങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നാണ് ആശങ്ക.
വനാതിർത്തിക്ക് ചുറ്റും ബഫർസോൺ നിശ്ചയിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമാണ് വനം വകുപ്പ് ഉപഗ്രഹ സർവേ നടത്തുന്നത്. വനാതിർത്തിയുടെ ഒരുകിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ സൃഷ്ടിക്കണമെന്നാണ് നിർദ്ദേശം. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാണെങ്കിലും സർവേ നടപടികളുമായി വനംവകുപ്പ് മുന്നോട്ടു പോകുകയാണ്.
രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ, കർഷക സംഘടനകളും ബഫർ സോൺ സംബന്ധിച്ച ആശങ്കയിലാണ്. വനത്തിന് ചുറ്റം ബഫർ സോൺ പ്രഖ്യാപിച്ചാൽ പതിറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലവും കൃഷിയിടങ്ങളും നഷ്ടമാകുമെന്ന ആശങ്ക വ്യാപകമാണ്. കുടിയേറ്റ മേഖലകളിലെ ജനങ്ങളാണ് ഏറ്റവുമധികം ആശങ്ക പ്രകടിപ്പിക്കുന്നത്. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ആശങ്ക രൂക്ഷവുമാണ്.
യു.ഡി.എഫ് പ്രക്ഷോഭത്തിന്
ജനവാസ മേഖലയെ പൂർണമായും ബഫർ സോണിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കും. വനത്തിനുള്ളിൽ തന്നെ സംരക്ഷിത മേഖല കണക്കാക്കണമെന്നാണ് ആവശ്യം. പ്രക്ഷോഭത്തിന് മുന്നോടിയായി പ്രദേശത്ത് പ്രചരണ വാഹന ജാഥ നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു.
വനം വകുപ്പ് നടത്തുന്ന സർവേ അംഗീകരിക്കില്ല. വനവിസ്തൃതി വർദ്ധിപ്പിച്ച് ജനങ്ങളെ കുടിയിറക്കാനുള്ള തീരുമാനം അംഗീകരിക്കില്ല. എറണാകുളം നഗര ഹൃദയഭാഗത്തുള്ള മംഗളവനത്തിന്റെ മൊത്തം വിസ്തൃതിയുടെ നാലിരട്ടിയോളം ബഫർ സോൺ പരിധിയിൽ വരും.
തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപത്തുനിന്ന് മൂന്നു പഞ്ചായത്തുകളിൽ നിന്നായി ആയിരക്കണക്കിന് കുടുംബങ്ങളാണ് ബഫർ സോൺ പരിധിയിൽ വരുന്നത്. കുട്ടമ്പുഴ പഞ്ചായത്ത് ഏതാണ്ട് പൂർണമായും കീരംപാറ, പിണ്ടിമന പഞ്ചായത്തുകൾ ഭാഗികമായും ബഫർ സോണിൽ ഉൾപ്പെടും. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ജനങ്ങൾക്ക് പരാതി സമർപ്പിക്കാനുള്ള കാലാവധി 10 ദിവസമെന്നത് ഒരു മാസമായി ഉയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബഫർ സോണിൽ ഉൾപ്പെടുന്നവ
മംഗളവനത്തിന്റെ മൊത്തം വിസ്തൃതിയുടെ നാലിരട്ടിയോളം
കുട്ടമ്പുഴ പഞ്ചായത്ത് പൂർണമായി
കീരംപാറ, പിണ്ടിമന പഞ്ചായത്തുകൾ ഭാഗികമായി