കൊച്ചി: കാർഷിക സെൻസസിന്റെ ഭാഗമായി കണയന്നൂർ താലൂക്കിൽ തിരഞ്ഞെടുത്ത എന്യൂമറേറ്റർമാർക്കുള്ള പരിശീലനം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് കാർഷിക സെൻസസ് നടത്തുന്നത്. എന്യൂമറേറ്റർമാർ തദ്ദേശ സ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി ഭൂമി സംബന്ധിച്ച വിവരങ്ങൾ മൊബൈൽ ആപ്പിലൂടെ ശേഖരിക്കും. താലൂക്ക് തലത്തിൽ 152 എന്യൂമറേറ്റർമാരെയാണ് തിരഞ്ഞെടുത്തത്. ഇവർ ഭവന സന്ദർശനം നടത്തി ഭൂമിയുടെ വിവരങ്ങൾ ശേഖരിക്കും.

കാർഷിക മേഖലയുടെ സമഗ്രവികസനം ഉറപ്പാക്കുക, പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സെൻസസ് നടത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സമിതിയുടെ ആഹ്വാനപ്രകാരം കേന്ദ്ര കാർഷിക മന്ത്രാലയം സംസ്ഥാനങ്ങളിൽ അഞ്ചു വർഷത്തിലൊരിക്കലാണ് കാർഷിക സെൻസസ് നടത്തുന്നത്.

ചടങ്ങിൽ തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ.എസ്. വിശ്വനാഥൻ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ, അഡീഷണൽ ജില്ലാ ഓഫീസർ കെ.എം. ജമാൽ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ, രാജഗിരി കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ബെന്നറ്റ് ജോസ്, പ്ലാനിംഗ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.