sla

കൊച്ചി: അധികൃതരുടെ അനാസ്ഥ മൂലം അമൃത് പദ്ധതിയുടെ ഭാഗമായ തേവര പേരണ്ടൂർ കനാൽ നവീകരണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നു. കനാലിന്റെ ഇരുഭാഗവും സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തുന്നതിനായി 2016 ൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. 2018 ൽ 16 കോടി രൂപയ്ക്ക് ടി.എ.സേവ്യർ ആൻഡ് സൺസ് എൻജിനിയേഴ്‌സ് ആൻഡ് കോൺട്രാക്ടേഴ്‌സ് പ്രവൃത്തി ഏറ്റെടുത്തു.

പത്തു കോടി രൂപയുടെ പണികൾ സുഗമമായി പൂർത്തിയാക്കി. എന്നാൽ തേവരയിലേക്ക് എത്തിയതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ഈ ഭാഗത്ത് പൈലിംഗ് നടത്തി സ്ലാബുകൾ സ്ഥാപിക്കുന്ന സമയത്തു കനാലിന്റെ അരികുകളിലെ മണ്ണിടിയുകയും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നു ജോലികൾ നിർത്തുകയും ചെയ്തിരുന്നു. സ്ളാബും പൈലും വാർത്തു മണ്ണിലുറപ്പിക്കുന്ന ഘട്ടത്തിലായിരുന്നു പ്രശ്നങ്ങൾ.

ഇതേതുടർന്ന് പദ്ധതിചെലവ് പുതുക്കി. മണ്ണിടിയാതിരിക്കാൻ പുതുക്കിയ എസ്റ്റിമേറ്റിൽ ഷീറ്റ് പൈൽ ഒന്നിന് 3729 രൂപയാണു നിർദേശിച്ചിരുന്നതെങ്കിലും 1036 രൂപയ്ക്കാണ് കോർപ്പറേഷൻ അനുമതി നൽകിയത്. ഇതിൽ കരാറുകാരൻ വിയോജിപ്പ് പ്രകടിപ്പിക്കുകയും
ഈ തുകയ്ക്കു പണി ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു. തുടർന്നാണു ജോലി തടസപ്പെട്ടത്. അതോടെ തൃശൂർ എൻജിനിയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന നടത്തി മണ്ണിടിയാത്ത രീതിയിൽ ഷീറ്റ് പൈലിംഗ് നടത്തണമെന്ന നിർദ്ദേശം വച്ചു. പഠനം പൂർത്തിയാക്കാൻ രണ്ടു വർഷമെടുത്തു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണു പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയത്.

* അമൃത് ഫണ്ട്

ലാപ്‌സാകും

നിർമ്മാണ വസ്തുക്കളുടെ തുക വർദ്ധിച്ചതു കണക്കിലെടുത്ത് കരാർ തുക പുതുക്കണമെന്നാണ് കരാറുകാരന്റെ ആവശ്യം. രണ്ടു കോടി രൂപയാണ് അധികമായി ആവശ്യപ്പെടുന്നത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ കോർപ്പറേഷൻ വിസമ്മതിച്ചതോടെ കരാറുകാരൻ പദ്ധതിയിൽ നിന്ന് പിൻമാറി. 2023 മാർച്ചിൽ അമൃത് പദ്ധതിയുടെ കാലാവധി അവസാനിക്കും. അതിനുമുമ്പ് പ്രവൃത്തികൾ തുടങ്ങിവച്ചില്ലെങ്കിൽ ഫണ്ട് ലാപ്‌സാകും. എന്നാൽ കരാറുകാരനുമായി അനുരഞ്ജന ചർച്ച നടത്താനോ തർക്കം പരിഹരിക്കാനോ ഉള്ള യാതൊരു ശ്രമവും ഭരണസമിതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

* മേയർ ഇടപെടണം

തേവര പെരുമാനൂർ പ്രദേശത്തിന്റെ മുഖഛായ മാറ്റുന്നതിനായി വിഭാവനം ചെയ്ത പദ്ധതിക്കാണ് ഈ ദുർഗതി സംഭവിച്ചത്. കഴിഞ്ഞ നാലു വർഷമായി പദ്ധതി മുടങ്ങിക്കിടക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഇനിയും ഇതു നീട്ടികൊണ്ടു പോകരുത്. കേന്ദ്രാവിഷ്‌കൃത പദ്ധതി പാഴാക്കരുത്. മേയറും കൗൺസിലും വിഷയത്തിൽ ഇടപെടണം. ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരിന്റെ സഹായം തേടണം.

സി.കെ. പീറ്റർ

മുൻ കൗൺസിലർ