
തൃക്കാക്കര: സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ സ്ഥലമിടപാട് കേസിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി അടുത്തമാസം 18ന് ഹാജരാകാൻ കാക്കനാട്ടെ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇന്നലെ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതിനെത്തുടർന്നാണ് സമയം നീട്ടിച്ചോദിച്ചത്.
സ്ഥലമിടപാടുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി പരിഗണിക്കുന്ന ജനുവരി 10ന് ശേഷം ഹാജരാകാൻ അനുവദിക്കണമെന്നാണ് കർദ്ദിനാൾ ആവശ്യപ്പെട്ടത്. സമയം നീട്ടരുതെന്നും കർദ്ദിനാളിന് പ്രത്യേക പരിഗണന നൽകരുതെന്നും പരാതിക്കാരൻ ജോഷി വർഗീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
സ്ഥലമിടപാട് കേസിൽ കർദ്ദിനാൾ ആലഞ്ചേരിയോട് നേരിട്ട് ഹാജരാകാൻ കഴിഞ്ഞ ജൂൺ 21നാണ് കാക്കനാട് ഒന്നാംക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് രജനി മോഹൻ ഉത്തരവിട്ടത്. സഭയുടെ മുൻ പ്രോക്യുറേറ്റർ ഫാ. ജോഷി പുതുവയ്ക്കും ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരായ ഹർജിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. തൃക്കാക്കരയിലെ കരുണാലയം, ഭാരതമാതാ കോളേജ് പരിസരങ്ങളിലെ സ്ഥലമിടപാടുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ ഉത്തരവ്.