
കൊച്ചി: സഹകരണ മേഖലയിലെ ജീവനക്കാരുടെ പെൻഷൻപ്രായം 60 വയസാക്കണമെന്നാവശ്യപ്പെട്ട് സഹകരണസംഘം ജീവനക്കാരുടെ സംഘടനകൾ നൽകിയ നിവേദനങ്ങൾ മൂന്നുമാസത്തിനകം പരിഗണിച്ച് തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ചേർത്തല തൈക്കാട്ടുശേരി സർവീസ് സഹകരണബാങ്ക് സെക്രട്ടറി സോജി കെ. തോമസ്,ചേർത്തല കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി അസി. സെക്രട്ടറി എ. അജി തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയത്.
ജീവനക്കാരുടെ പെൻഷൻപ്രായം 58 വയസാണെന്നിരിക്കെ ഷെഡ്യൂൾഡ് ബാങ്കുകളിലുൾപ്പെടെ 60 വയസാണെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.സഹകരണ മേഖലയിലെ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി സർക്കാർ വർദ്ധിപ്പിച്ചിട്ടും പെൻഷൻപ്രായം വർദ്ധിപ്പിച്ചില്ല. ഇതുമൂലം ജീവനക്കാർക്ക് കുറച്ചുവർഷത്തെ സർവീസേ ലഭിക്കൂവെന്നും പൂർണ പെൻഷൻ ലഭിക്കണമെങ്കിൽ 30വർഷം സർവീസ് വേണമെന്നുണ്ടെന്നും ഹർജിക്കാർ വ്യക്തമാക്കി. ഇത് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ നൽകിയ നിവേദനങ്ങൾ സർക്കാർ പരിഗണിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. നിവേദനങ്ങൾ പരിഗണിച്ച് തീർപ്പാക്കാമെന്ന് സർക്കാരും അറിയിച്ചു. തുടർന്നാണ് മൂന്നുമാസത്തിനകം ഹർജിക്കാരെക്കൂടി കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.