
തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര കവലയോട് ചേർന്നുള്ള റേഷൻകടയുടെ മുമ്പിലുള്ള റോഡ് തകർന്നിട്ട് മാസങ്ങളേറെയായി. മിനി ബൈപ്പാസിൽ നിന്ന് മാർക്കറ്റ് റോഡിൽ നിന്നുമുള്ള വാഹനങ്ങൾ വൈക്കം റോഡിൽ ചേരുന്ന നാൽക്കവലയാണ് കണ്ണൻകുളങ്ങര.
റോഡ് ലെവലിൽ നിന്ന് രണ്ടടിയോളം താഴെയുള്ള റേഷൻകടയുടെ ഈ ഭാഗത്ത് കടയിലേക്ക് എത്തുന്നവർ തെന്നിവീഴുന്നത് പതിവ് കാഴ്ചയാണ്. മിനി ബൈപ്പാസിൽ നിന്ന് വേഗത്തിൽ എടുക്കുന്ന ഇരുചക്ര വാഹനങ്ങളും ഭീഷണി തന്നെയാണ്. ഫുട്പാത്ത് കൈയേറി ഇതിനോട് ചേർന്ന് ഒരു പച്ചക്കറിക്കടയും പ്രവർത്തിക്കുന്നുണ്ട്. ടൈലുകളെല്ലാം തകർന്ന് കാൽനടയാത്രക്കാർക്ക് ഉപദ്രവമായ റോഡിനെ കുറിച്ച് പലതവണ പരാതി കൊടുത്തെങ്കിലും കരാറുകാരെ കിട്ടാനില്ലെന്ന ന്യായം പറഞ്ഞു ഒഴിയുകയാണ് പൊതുമരാമത്ത് വകുപ്പെന്ന് നാട്ടുകാർ പറയുന്നു.