ആലുവ: ട്രാൻസ്‌ഫോർമറിന് രണ്ടു മോട്ടോറുകൾ പ്രവർത്തിപ്പിക്കാനുള്ള ശേഷി ഇല്ലാത്തതിനാൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ എടയാറ്റുചാൽ പാടശേഖരത്തിലെ നെൽക്കൃഷി വെള്ളപ്പൊക്ക ഭീഷണിയിൽ. മഴ തുടർന്നാൽ 45 ദിവസം വള‌ർച്ചയെത്തിയ 255 ഏക്കറോളം നെൽക്കൃഷമി മുങ്ങുമെന്ന ആശങ്കയിലാണ് കർഷകർ.

ഇറിഗേഷൻ വകുപ്പിന്റെ അമ്പത് എച്ച്.പിയുടെ പമ്പുസെറ്റും പാടശേഖരസമിതിയുടെ 30 എച്ച്.പി പെട്ടിയും പറയും ഉപയോഗിച്ചാണ് ചാലിലെ അധികജലം ഒഴുക്കിക്കളഞ്ഞിരുന്നത്. നേരത്തെയുണ്ടായിരുന്ന ട്രാൻസ്‌ഫോർമറിന് രണ്ടു മോട്ടോറുകൾ പ്രവർത്തിപ്പിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. അതിനാൽ കഴിഞ്ഞ വർഷം പഞ്ചായത്ത് അനുവദിച്ച 3.5 ലക്ഷവും കൃഷിയിറക്കിയ കുട്ടനാട്ടിലെ കർഷകർ നൽകിയ ഒരു ലക്ഷവും ചേർത്ത് നാലര ലക്ഷം രൂപ വൈദ്യുതി ബോർഡിൽ അടച്ച് പാടശേഖര സമിതി പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരുന്നു. എന്നാൽ രണ്ടു മോട്ടോറുകൾക്കും ആവശ്യമായ വൈദ്യുതി പുതിയ ട്രാൻസ്‌ഫോർമറിൽ നിന്നുമാണ് കഴിഞ്ഞ വർഷം എടുത്തത്. ഇക്കുറി കൃഷിയാരംഭിച്ചപ്പോൾ പമ്പിംഗ് എളുപ്പമാക്കാൻ പെട്ടിയും പറയുടെയും കുതിര ശക്തി വർദ്ധിപ്പിച്ചിരുന്നു. അതിനാൽ രണ്ട് മോട്ടോറുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാൻ കഴിയാതെയായി. രണ്ട് ട്രാൻസ്ഫോർമറുകളിൽ നിന്ന് വൈദ്യുതി ഉപയോഗിച്ചാൽ മാത്രമേ മഴക്കെടുതിയിൽ നിന്ന് നെൽക്കൃഷിയെ സംരിക്ഷിക്കാൻ സാധിക്കുകയുള്ളൂ.
മൂന്ന് പതിറ്റാണ്ടിന് ശേഷമാണിവിടെ നെൽക്കൃഷി പുനരാരംഭിച്ചത്. കഴിഞ്ഞ വർഷം കൃഷി തുടങ്ങിയപ്പോൾ വൈകിയിരുന്നു. അതിനാൽ തുടക്കത്തിൽ ഉണക്കു ബാധിച്ചും പിന്നീട് മഴ വെള്ളത്തിൽ മുങ്ങിയും കൃഷിനാശം സംഭവിച്ചിരുന്നു. ഇത്തവണ ഒന്നര മാസം മുമ്പേ കൃഷിയാരംഭിച്ചു. കാലാവസ്ഥ അനുകൂലമായൽ വേനൽക്കാലത്തു തന്നെ വിളവെടുക്കാം. ഉണക്ക് ഒഴിവാക്കാൻ പാടശേഖരത്തിലെ ഏഴ് കേന്ദ്രങ്ങളിൽ രണ്ട് എച്ച്.പി.യുടെ മോട്ടോറുകൾ സ്ഥാപിച്ച് പമ്പിംഗ് ആരംഭിച്ചിട്ടുണ്ട്. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും എടയാറ്റുചാൽ നെല്ലുല്പാദക സമിതിയും സംയുക്തമായാണ് കൃഷി നടത്തുന്നതെന്ന് എടയാറ്റുചാൽ നെല്ലുല്പാദക സമിതി

പ്രസിഡന്റും ബ്ളോക്ക് പഞ്ചായത്ത് സ്റ്റാനഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.എ. അബൂബക്കർ പറഞ്ഞു.