പറവൂർ: പുരയിടം ഭൂമി റവന്യു രേഖകളിൽ നിലമെന്ന് തെറ്റായി രേഖപ്പെടുത്തിയതിനാൽ ദേശീയപാതയ്ക്കായി സ്ഥലം നൽകിയ നിരവധി പേർക്ക് ലഭിച്ച നഷ്ടപരിഹാരത്തുക കുറഞ്ഞു. നിലമെന്ന് രേഖപ്പെടുത്തിയതിനാൽ ദേശീയ പാതയ്ക്കു കൈമാറിയ ഭൂമിയോട് ചേർന്നുള്ള സ്ഥലത്ത് നിർമ്മാണം നടത്തുന്നതിൽ തടസവും നേരിടുന്നു. വടക്കേക്കര, ചിറ്റാറ്റുകര പ്രദേശങ്ങളിലെ കരഭൂമി വിട്ടുനൽകിയ കുടുംബങ്ങൾക്കും ദേശീയപാതയ്ക്കായി പൊളിച്ചു മാറ്റിയ നീണ്ടൂർ സെന്റ് ജോസഫ് പള്ളിക്കുമാണ് നഷ്ടമുണ്ടായത്. 1934 ലെ മുൻരേഖകളിൽ പള്ളിവക സ്ഥലം പുരയിടത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടക്കാലത്ത് ഏതോ ഓഫീസിൽ സംഭവിച്ച പിഴവാണ് നിലവിലെ രേഖകളിൽ നിലമായി രേഖപ്പെടുത്താനിടയാക്കിയത്. ഭൂമിതരം മാറ്റാൻ അപേക്ഷ നൽകിയാൽ അക്കാര്യത്തിനായി വർഷങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. ഫോർട്ടുകൊച്ചി ആർ.ഡി ഓഫീസിൽ നിരവധി തരം മാറ്റൽ അപേക്ഷകളാണ് തീർപ്പാകാതെ കിടക്കുന്നത്.