binale

കൊച്ചി: ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായി കേരളത്തിന്റെ സ്വന്തം സമകാല കലാസൃഷ്ടികളുടെ പ്രദർശനത്തിന് എറണാകുളം ഡർബാർ ആർട്ട് ഗാലറിയിൽ വേദി തുറന്നു. ബിനാലെയുടെ പത്താം വാർഷിക വേളയിലെ ശ്രദ്ധേയമായ പുതുമയാണ് കേരളത്തിലെ മലയാളി കലാകാരന്മാർക്കു മാത്രമായി ഒരുക്കിയ 'ഇടം' എന്നുപേരിട്ട പ്രദർശനം.

അറിയപ്പെടുന്ന കലാപ്രവർത്തകരായ ജിജി സ്‌കറിയ, രാധ ഗോമതി, പി.എസ്. ജലജ എന്നീ ക്യൂറേറ്റർമാർ രൂപകല്പന ചെയ്ത 'ഇട'ത്തിൽ 16 വനിതകളുടെ ഉൾപ്പെടെ 34 സമകാല കലാപ്രവർത്തകരുടെ 200 സൃഷ്ടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൾട്ടിമീഡിയയുടെ ഉൾപ്പെടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയ ഇൻസ്റ്റലേഷൻ, വ്യത്യസ്ത മാനങ്ങളിലുള്ള ശില്പങ്ങൾ, വൈവിദ്ധ്യത്തോടെ വിന്യസിച്ച പെയിന്റിംഗുകളും ഫോട്ടോഗ്രാഫുകളുമെല്ലാം പ്രദർശനത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ കൊച്ചി മുസരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കേരള ലളിത കലാ അക്കാഡമി ചെയർ പേഴ്‌സൺ മുരളി ചീരോത്ത് , സെക്രട്ടറി ബാല മുരളീകൃഷ്ണൻ എന്നിവർ ചേർന്ന് ക്യൂറേറ്റർമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ബിനാലെയോടൊപ്പം തന്നെ ഏപ്രിൽ 10വരെ ഡർബാർ ആർട്ട് ഗാലറിയിൽ പ്രദർശനമുണ്ടായിരിക്കും.