
കൊച്ചി: പമ്പമുതൽ സന്നിധാനംവരെ തിരക്ക് നിയന്ത്രിക്കുന്ന നടപടികൾ എസ്.പി റാങ്കിലുള്ള സ്പെഷ്യൽ ഓഫീസർമാർ നേരിട്ട് നിരീക്ഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് നിർദ്ദേശം നൽകിയത്.
തീർത്ഥാടകർക്ക് അസൗകര്യമില്ലെന്ന് ഉറപ്പാക്കണം. കുട്ടികൾ, അംഗപരിമിതർ, മുതിർന്ന പൗരന്മാർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക പരിഗണന പൊലീസ് നൽകണം. കാനനപാതയിലെ ബയോടോയ്‌ലെറ്റ് ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും പരിപാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
സന്നിധാനം മുതൽ മരക്കൂട്ടംവരെ ചുക്കുവെള്ളവും ബിസ്കറ്റും വിതരണം ചെയ്യുന്നുണ്ട്. ഭക്തരുടെ ക്യൂനീണ്ടാൽ അവിടേക്കും വിതരണം വ്യാപിപ്പിക്കും. ഇന്നലെ 90,000 തീർത്ഥാടകർ ദർശനത്തിനെത്തിയെന്നും ബോർഡ് അറിയിച്ചു. ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് സന്നിധാനത്ത് ഉന്നതതലയോഗം ചേരുമെന്ന് സർക്കാരും അറിയിച്ചു. തുടർന്ന് ഡിവിഷൻബെഞ്ച് ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി.