നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിരമായി ആശാവർക്കറെ നിയമിക്കണമെന്നും മറ്റു തൊഴിലുകളിലേർപ്പെട്ട് ആശാ വർക്കറുടെ ജോലി ചെയ്യാതെ വേതനം കൈപ്പറ്റുന്നവർക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ചെങ്ങമനാട് പഞ്ചായത്ത് മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.

പരാതിയുടെ പകർപ്പുകൾ മന്ത്രി, പഞ്ചായത്ത് അധികൃതർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കും കൈമാറി. നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ആർ. പ്രസന്നകുമാർ, ജനറൽ സെക്രട്ടറി വിനോദ് കണ്ണിക്കര, സെക്രട്ടറി ടി.ഡി. ദിപീഷ്, വാർഡ് അംഗം വിജിത വിനോദ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.