ushas
17ന് ഉദ്ഘാടനം ചെയ്യുന്ന തോട്ടുമുഖം ശ്രീ നാരായണ സേവിക സമാജത്തിൽ 3.10 കോടി രൂപ ചെലവിൽ കുട്ടികൾക്കായി നിർമ്മിച്ച കെട്ടിടം 'ഉഷസ്'

ആലുവ: തോട്ടുമുഖം ശ്രീ നാരായണ സേവികാ സമാജത്തിൽ 3.10 കോടി രൂപ ചെലവിൽ കുട്ടികൾക്കായി നിർമ്മിച്ച പുതിയ കെട്ടിടം 'ഉഷസ്' 17ന് തുറക്കും. കെ.കെ. ഷൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് പ്രൊഫ. ഷേർളി ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തും. സ്വാമി അസ്പർശാനന്ദ, സി.എച്ച്. മുസ്തഫ മൗലവി, ഡോ. ശാലിനി,​ ജസ്റ്റിസ് കെ. സുകുമാരൻ, അൻവർ സാദത്ത് എം.എൽ.എ, കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാൻ മധു എസ്. നായർ, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ, ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് സുമോദ് മണി, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, കെ.കെ. നാസി എന്നിവർ സംസാരിക്കും. ശ്രീനാരായണ സേവികാ സമാജം സെക്രട്ടറി അഡ്വ. വി.പി. സീമന്തിനി സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. കാർത്തിക സുകുമാരൻ നന്ദിയും പറയും.

ജസ്റ്റിസ് കെ.കെ. ഉഷയുടെ സ്മരണയിൽ 'ഉഷസ്'

സംസ്ഥാനത്ത് ജുവനൈൽ ജസ്റ്റിസ് ആക്ട് നടപ്പായതിനെ തുടർന്ന് ജസ്റ്റിസ് കെ.കെ. ഉഷയുടെ നേതൃത്വത്തിലാണ് നാല് വർഷം മുമ്പ് ശ്രീനാരായണ ഗിരിയിൽ കുട്ടികൾക്കായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. അന്തേവാസി കുട്ടികളുടെ ഉഷയാന്റിയുടെ വലിയ സ്വപ്നമായിരുന്നു കെട്ടിടം. മന്ദിരനിർമ്മാണത്തിന് ചുക്കാൻ പിടിക്കവെയാണ് കെ.കെ. ഉഷ മൺമറഞ്ഞത്. ഇതേതുടർന്ന് കെട്ടിടത്തിന് 'ഉഷസ്' എന്ന് നാമകരണം ചെയ്യുകയായിരുന്നു. നാല് നില കെട്ടിടത്തിൽ 27 മുറി, കെയർ ടേക്കർമാർക്കായി നാല് മുറി, ഹാൾ, പ്രാർത്ഥന ഹാൾ എന്നിവയുണ്ട്. ലിഫ്റ്റും സോളാർ പാനലും സ്ഥാപിച്ചിട്ടുണ്ട്. കൊച്ചിൻ ഷിപ്പ്യാർഡ്, ഫെഡറൽ ബാങ്ക്, മണപ്പുറം ഫൗണ്ടേഷൻ എന്നിവയുടെയെല്ലാം സഹായത്തോടെയാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.