women-harrasment

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർ തെളിവു നശിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡി.ജി.പി)ഓഫീസിൽനിന്ന് സ്പെഷ്യൽ ഗവ. പ്ളീഡറുടെ നിയമോപദേശം ഇന്നലെ ക്രൈംബ്രാഞ്ചിന് കൈമാറി.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന്റെ ഫോണിൽനിന്ന് രഹസ്യസന്ദേശങ്ങളും ചിത്രങ്ങളുമടങ്ങുന്ന തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ ആവശ്യപ്പെട്ടെന്ന് വ്യക്തമാക്കി ഐ.ടി വിദഗ്ദ്ധൻ സായ് ശങ്കർ നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് പരിഗണിക്കുന്നത്.

ദിലീപിന്റെ അഭിഭാഷകരായ അഡ്വ. കെ. രാമൻപിള്ള, ഫിലിപ്പ് ടി. വർഗീസ് തുടങ്ങിയവർക്കെതിരെയാണ് സായ് ശങ്കർ ആരോപണം ഉന്നയിച്ചിട്ടുള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും കേസിലെ ഒന്നാംപ്രതിയായ പൾസർ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് കേസിൽ ക്രൈംബ്രാഞ്ച് രണ്ടാംഘട്ട അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് സായ് ശങ്കർ അഭിഭാഷകർക്കെതിരെ പരാതി ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപും കൂട്ടരും വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സായ് ശങ്കർ മാപ്പുസാക്ഷിയാണ്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ബാലചന്ദ്രകുമാറിന്റെ വിസ്താരം തുടങ്ങി. കേസിൽ തുടരന്വേഷണത്തിന് വഴിയൊരുക്കിയത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ്. പ്രതിഭാഗം തെളിവ് നശിപ്പിച്ചെന്ന ആരോപണം ഉയർന്നതും ഈ വെളിപ്പെടുത്തലിലാണ്.