കൊച്ചി: ഗുരുദേവ സത്സംഗം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്രം ഓഡിറ്റോറിയത്തിൽ 23 മുതൽ 25 വരെ ശ്രീനാരായണ ധർമ്മപഠനശിബിരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 23ന് രാവിലെ 10ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ഗുരുദേവ സത്സംഗം പ്രസിഡന്റ് ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ഗുരുവിന്റെ ജീവിതസന്ദേശം എന്ന വിഷയത്തിൽ 11.30ന് ഡോ.എൻ. ഗോപാലകൃഷ്ണൻ, ഗുരുവിന്റെ മതമീമാംസ എന്ന വിഷയത്തിൽ 2ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ഗുരുവിന്റെ ഇന്ത്യ എന്ന വിഷയത്തിൽ 3ന് മുൻ എം.എൽ.എ കെ.എൻ.എ ഖാദർ എന്നിവർ പ്രഭാഷണം നടത്തും.
രണ്ടാംദിവസം മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്, ഡോ.എം.എം. ബഷീർ, കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട് എഡിറ്റർ മഞ്ജു വെള്ളായണി, ആർഷനാദം സബ് എഡിറ്റർ പി.കെ. ജയൻ എന്നിവരും മൂന്നാംദിവസം ചേന്ദമംഗലം പ്രതാപൻ, ഷൗക്കത്ത്, ഡോ.ഗീതാ സൂരാജ്, ജി. അമൃതരാജ് എന്നിവരും പ്രഭാഷണം നടത്തും.
പഠനശിബിരത്തിന് മുന്നോടിയായി 22ന് വൈകിട്ട് 5ന് സത്സംഗം മന്ദിരത്തിൽനിന്ന് രാജരാജേശ്വരി ക്ഷേത്രാങ്കണത്തിലേക്ക് വിളംബരഘോഷയാത്ര നടത്തും. എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ 2 വരെ ഗുരുദേവകൃതികളുടെ പാരായണവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.