udl-theatre
കാടും പടലും വെട്ടിയൊരുക്കിയ ഉദ്യോഗമണ്ഡൽ ടാക്കീസ്

കളമശേരി: 2004 ൽ തിരശീല വീണ ഫാക്ടിന്റെ വെള്ളിത്തിരയിൽ വീണ്ടും ദൃശ്യവിസ്മയങ്ങൾ തീർക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഫാക്ടിന്റെ ഏലൂർ ഉദ്യോഗമണ്ഡൽ ടാക്കീസ് ആധുനിക സൗകര്യങ്ങളോടെ മൾട്ടിപ്ലെക്സ് തിയേറ്ററായി പുനർനിർമ്മിക്കാനുള്ള നടപടികളുടെ ഭാഗമായി പർച്ചേസ് റിക്വിസിഷൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. തുടർക്രമത്തിന്റെ ഭാഗമായി എൻക്വയറിയും ടെൻഡർ നടപടികളും ഉടനെ തുടങ്ങും. പഴയ തിയേറ്ററിന്റെ ചുറ്റുമുള്ള കാടും പടലും വെട്ടി വൃത്തിയാക്കിക്കഴിഞ്ഞു.

കിഷോർ രുംഗ്ത സി.എം.ഡി യായി​ ചാർജെടുത്ത ശേഷം ഫാക്ട് എം.കെ.കെ നായർ ഹാൾ അറ്റകുറ്റപണികൾ നടത്തി ഭംഗിയാക്കിയിരുന്നു. കണ്ടെയ്നർ റോഡുമായി ബന്ധപ്പെട്ട്പ്രവേശന കവാടവും താമസിയാതെ തയ്യാറാകും. ഫാക്ടിന്റെ സൂപ്പർ മാർക്കറ്റും ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്.

തീയേറ്റർ വരുമ്പോൾ...

പുതിയ സിനിമകൾ റിലീസ് ചെയ്യാം. വിശാലമായ പാർക്കിംഗ് സൗകര്യം. ഏലൂർ,കളമശേരി, ചേരാനല്ലൂർ, മുപ്പത്തടം പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ട്രാഫിക് കുരുക്കിൽ പെടാതെ എത്താൻ കഴിയും.

തിയേറ്ററിലും അനുബന്ധ ഷോപ്പുകളിലുമായി കുറച്ചപേർക്ക് തൊഴിൽ ലഭി​ക്കും. നഗരസഭയ്ക്ക് നികുതി ഇനത്തി​ലും ലഭിക്കും.

...............................................

പഴയ കാലത്ത് ശബ്ദരേഖ കേൾക്കാനും പാട്ടുകൾ കേൾക്കാനും വരെ തിയേറ്ററിന് പുറത്തുള്ള പുൽത്തകിടിയിലും അരമതിലിലും ആളുകൾ വന്നിരിക്കാറുള്ളത് ഓർമ്മയിലുണ്ട്. വീണ്ടും തുടങ്ങുമെന്നള്ള വാർത്ത കേട്ടപ്പോൾ വളരെ സന്താഷം.

പട്ടണം റഷീദ്, ദേശീയ പുരസ്കാര ജേതാവ്

ഓർമ്മകളിൽ നിന്ന് മാഞ്ഞു കൊണ്ടിരുന്ന തിയേറ്ററിനെ അവിശ്വസനീയമായ രീതിയിൽ തി​രി​ച്ചുകൊണ്ടുവരുന്നുവെന്ന വാർത്തയെ സ്വാഗതം ചെയ്യുന്നു. യുവാക്കളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മക്ക് ഉണർവ് നൽകും.

സംവിധായകൻ മെക്കാർട്ടിൻ.