
നെടുമ്പാശേരി: അത്താണി പുത്തൻതോട് മർച്ചന്റ്‌സ് ടവറിൽ പ്രവർത്തിക്കുന്ന നെടുമ്പാശേരി ഫാർമേഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ സുരക്ഷിത പച്ചക്കറി വിപണന കേന്ദ്രം ആരംഭിക്കും. ഇതിനായി സംസ്ഥാന കൃഷി വകുപ്പ് 10 ലക്ഷം രൂപ വിലയുള്ള വില്പനശാല 'കീയോസ്‌ക്' അനുവദിച്ചു.
പ്രാദേശികമായി കർഷക കൂട്ടായ്മകൾ ജൈവകൃഷിയിലൂടെയും സുരക്ഷിത ഭക്ഷ്യ കൃഷിയിലൂടെയും ഉത്പാദിപ്പിക്കുന്ന വിവിധയിനം പച്ചക്കറികൾ, കിഴങ്ങ് ഇനങ്ങൾ,ഫലവൃക്ഷ ഉത്പന്നങ്ങൾ എന്നിവ ന്യായവില നൽകി കർഷകരിൽ നിന്ന് സംഭരിച്ച് ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പച്ചക്കറികൾ ആവശ്യാനുസരണം നൽകുകയെന്നതാണ് സുരക്ഷിത പച്ചക്കറി വിപണന കേന്ദ്രം തുടങ്ങുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം അധിക വിളവ് കാലഘട്ടത്തിൽ ഇത്തരം ഭക്ഷ്യവസ്തുക്കളെ ഗുണമേന്മയുള്ള മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി വിപണനം നടത്തുകയെന്നതും ഫാർമേഴ്‌സ് സെന്റർ പദ്ധതിയിടുന്നുണ്ട്.
നിലവിൽ ഫാർമേഴ്‌സ് സെന്ററിന്റെ ജൈവ കലവറയിലൂടെ ജൈവകൃഷിക്ക് ആവശ്യമായ വിവിധയിനം ഹൈബ്രിഡ് പച്ചക്കറി വിത്തുകളും പച്ചക്കറി തൈകൾ, ജൈവവളങ്ങൾ ഉൾപ്പെടെ കൃഷിക്ക് ആവശ്യമായ മുഴുവൻ ഉപകരണങ്ങളും സബ്‌സിഡി നിരക്കിൽ വിതരണം നടത്തുന്നുണ്ട്.
വിവിധ ജൈവകൃഷി സ്വാശ്രയ സംഘങ്ങളുടെ കൂട്ടായ്മ നെടുമ്പാശേരി മേഖലാ മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്‌സ് സെന്റർ പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. സജി, സാലു പോൾ, പി.എൻ. രാധാകൃഷ്ണൻ, കെ.ജെ.ഫ്രാൻസിസ്, കെ.ജെ. പോൾസൺ, ടി.എസ്.മുരളി, പി.കെ. എസ്‌തോസ്, ജോസ് ആലുക്കൽ, ഡേവിസ് മോറേലി, ഗീത ജോഷി, മോളി മാത്തുക്കുട്ടി, ഷിജി ജോയ് എന്നിവർ പ്രസംഗിച്ചു.