കൊച്ചി: സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എസ്. ശിവശങ്കരപ്പിള്ളയുടെ സ്മരണാർത്ഥം പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്. ശിവശങ്കരപ്പിള്ള സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് പ്രമുഖ കാൻസർ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരനെ തിരഞ്ഞെടുത്തു. ആതുരസേവനരംഗത്തെ നിസ്തുലമായ സേവനത്തെ മുൻനിറുത്തിയാണ് അവാർഡ്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 18ന് പുല്ലുവഴി പി.കെ.വി സ്മാരക മന്ദിരത്തിൽ ചേരുന്ന എസ്, ശിവശങ്കരപ്പിള്ള ആറാം അനുസ്മരണ സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ അവാർഡ് സമ്മാനിക്കും.