ol

കൊച്ചി: ആഡംബര കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർചെയ്ത് കേരളത്തിൽ നികുതിവെട്ടിപ്പ് നടത്തിയെന്ന കേസ് റദ്ദാക്കാൻ നടൻ സുരേഷ് ഗോപി കോടതിയെ സമീപിച്ചു. എം.പിമാരുടെയും എം.എൽ.എ മാരുടെയും കേസ് പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിൽ നൽകിയ ഹർജി വിശദമായ വാദത്തിന് ജനുവരി ആദ്യം വീണ്ടും പരിഗണിക്കും.

പുതുച്ചേരിയിൽ തനിക്ക് വാടകഫ്ളാറ്റുണ്ടെന്നും ആ വിലാസത്തിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു. വാഹനമുടമയ്‌ക്ക് താൻ വാഹനം ഉപയോഗിക്കാനും സൂക്ഷിക്കാനും ആഗ്രഹിക്കുന്ന സ്ഥലത്ത് ഇവ രജിസ്റ്റർ ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്. പുതുച്ചേരിയിൽ രജിസ്റ്റർചെയ്ത കാറുകൾ കേരളത്തിൽ സൂക്ഷിച്ചതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നില്ല. കേരളത്തിൽനിന്ന് വാഹനങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് പുതുച്ചേരിയിൽ കാറുകൾ രജിസ്റ്റർ ചെയ്തതെന്നും ഇതിലൂടെ കേരളത്തിന് 19 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ സീനിയർ അസി. പബ്ളിക് പ്രോസിക്യൂട്ടർ വാദിച്ചു. സുരേഷ് ഗോപി 2010 ലും 2016 മാണ് കോട്ടയത്തെ ഡീലറിൽനിന്ന് രണ്ട് ആഡംബര കാറുകൾ വാങ്ങിയത്.