പറവൂർ: ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി സംസ്ഥാന സമ്മേളനത്തിൽ ഉയർത്തുന്ന പതാകയുമായി പ്രയാണം നടത്തുന്ന ജാഥയ്ക്ക് ഇന്ന് രാവിലെ എട്ടരയ്ക്ക് ജില്ലാ അതിർത്തിയായ മൂത്തകുന്നത്ത് സ്വീകരണം നൽകും. വയനാട്ടിലെ കയ്യൂരിൽ നിന്ന് പി. രാജു ക്യാപ്ടനും എലിസബത്ത് അസീസി വൈസ് ക്യാപ്ടനും, സി.പി. മുരളി ഡയറക്ടറുമായിട്ട് ജാഥ എത്തുക. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.ആർ. ശോഭനൻ, സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കമല സദാനന്ദൻ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പറവൂർ അമ്മൻകോവിലിന് പരിസരത്ത് എത്തിച്ചേരും. ഇവിടെ നിന്നും പ്രകടനമായി പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് സ്വീകരിക്കും. സ്വീകരണ സമ്മേളനം കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്യും.