കോലഞ്ചേരി: ജനാധിപത്യ വ്യവസ്ഥി​തിയെ വെല്ലുവിളിക്കുന്ന കി​റ്റെക്‌സ് എം.ഡിയും ട്വന്റി20 കോ ഓർഡിനേ​റ്ററുമായ സാബു എം.ജേക്കബിനെ സി.പി.എം നേരിടുമെന്ന് ഏരിയാ സെക്രട്ടറി സി.കെ. വർഗീസ് പത്ര സമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ വിജയിച്ചുവന്ന ജനപ്രതിനിധികളേയും സർക്കാരിനെയും അവഹേളിക്കുന്ന ഇദ്ദേഹത്തിന്റെ നടപടികളെ തുറന്നെതിർക്കണമെന്നാണ് പാർട്ടിതീരുമാനം.

ജനങ്ങൾ തി​രഞ്ഞെടുത്ത പി.വി. ശ്രീനിജിൻ എം.എൽ.എയെ നിരന്തരം അപമാനിക്കുകയാണ്. തന്റെ അഹങ്കാരം അംഗീകരിക്കാത്തതാണ് എം.എൽ.എക്കെതിരെ തിരിയാൻ കാരണം. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വിലങ്ങ് എൽ.പി സ്‌കൂളും മലയിടംതുരുത്ത് സ്‌കൂളുമെല്ലാം തന്റെ നേട്ടമായി ചിത്രീകരിക്കുന്ന ഇദ്ദേഹത്തിന്റെ നീക്കം അപഹാസ്യമാണ്. മുഖ്യമന്ത്രിക്കും സി.പി.എമ്മിനും എം.എൽ.എക്കുമെതിരെ നിരന്തരം ആക്ഷേപങ്ങൾ ചൊരിയുന്ന സാബു എം.ജേക്കബ് കേന്ദ്ര ഭരണത്തിനെതിരെ ഒരക്ഷരം ഉരിയാടാറില്ല. ജനാധിപത്യ വ്യവസ്ഥിതിയെ അംഗീകരിക്കാൻ സാബു എം.ജേക്കബ് തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ഏരിയാകമ്മിറ്റി അംഗം കെ.കെ. ഏലിയാസും പങ്കെടുത്തു.