മൂവാറ്റുപുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രവിചാരം എന്ന സന്ദേശമുയർത്തി ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വിളംബരയാത്ര മൂവാറ്റുപുഴ താലൂക്കിൽ 20,21,22 തിയതികളിൽ പര്യടനം നടത്തും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു നയിക്കുന്ന ദക്ഷിണ മേഖലാ ജനചേതന യാത്രയുടെ വരവറിയിച്ചാണ് വിളംബരയാത്ര. പായിപ്ര പഞ്ചായത്ത് നേതൃസമിതി കൺവീനർ ഇ.എ. ഹരിദാസ് നയിക്കുന്ന വിളംബരയാത്ര 20ന് രാവിലെ 9ന് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി തൃക്കളത്തൂർ കാവുംപടിയിൽ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ആയവന പഞ്ചായത്ത് നേതൃസമിതി കൺവീനർ പോൾ സി.ജേക്കബിന്റെ നേതൃത്വത്തിലാണ് വിളംബരയാത്രാ പ്രയാണം.
21ന് രാവിലെ 9ന് രണ്ടാർ ഇ.എം.എസ് വായനശാലയിൽ നിന്ന് മൂവാറ്റുപുഴ മേഖലാ സമിതി കൺവീനർ ആർ. രാജീവിന്റെ നേതൃത്വത്തിലെ വിളംബരയാത്ര ആരംഭിക്കും. ഉച്ചയ്ക്ക് 2ന് മാറാടി പഞ്ചായത്തിലെ മണ്ണത്തൂർ കവലയിൽ നിന്ന് സി.ടി. ഉലഹന്നാന്റെ നേതൃത്വത്തിലെ വിളംബര യാത്ര നടക്കും. 22ന് രാവിലെ 9ന് പണ്ടപ്പിള്ളിയിൽ നാഷണൽ ലൈബ്രറിയിൽ നിന്ന് എ. കെ. വിജയകുമാറിന്റെ നേതൃത്വത്തിലെ വിളംബരയാത്ര ആരംഭിക്കും. വിളംബര യാത്രാ സ്വീകരണ കേന്ദ്രങ്ങൾ സാംസ്കാരിക സമ്മേളന വേദികളാക്കണമെന്ന് താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ ഗ്രന്ഥശാല പ്രവർത്തകരോട് ആവശ്യപ്പെട്ടു.