n

കുറുപ്പംപടി : രായമംഗലം ഗ്രാമപഞ്ചായത്തിൽ കാർഷിക വിളകളിൽ ആഫ്രിക്കൻ ഒച്ചിന്റ രൂക്ഷമായ സാഹചര്യത്തിൽ ഒച്ച് നശീകരണ പദ്ധതി ആരംഭിച്ചു. ചെടികളെ തിന്ന് നശിപ്പിക്കുന്ന ഇവയുടെ നിയന്ത്രണം കർക്കശമാക്കുന്നതിന് വേണ്ടി രായമംഗലം ഗ്രാമപഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതി 2022-23 ഉൾപ്പെടുത്തി കർഷകർക്ക് ഒച്ചിനെതിരെ "സ്‌നേയിൽ കിൽ "മരുന്ന് (മെറ്റാൽഡിഹൈഡ് പെല്ലറ്റ് കെണി )വിതരണം ആരംഭിച്ചു. കാമ്പയിന്റെ ഭാഗമായി ഒച്ച് നിവാരണ ക്ലാസും നടന്നു.

കാമ്പയിൻ ഉദ്ഘാടനം രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി. അജയകുമാർ നിർവഹിച്ചു. ചടങ്ങിൽ വാർഡ് അംഗം മിനി നാരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം മിനി ജോയി സ്വാഗതം ആശംസിച്ചു. ആഫ്രിക്കൻ ഒച്ചുകളെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാമെന്ന വിഷയത്തിൽ കൃഷി ഓഫീസർ ഡോ. സ്മിനി വർഗീസ് ക്ലാസ് നയിച്ചു.