കാലടി: തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ ജനുവരി 5മുതൽ 16വരെ ആഘോഷിക്കുന്ന ശ്രീപാർവതീദേവിയുടെ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ദർശനത്തിനായുള്ള വെർച്വൽ ക്യൂ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.thiruvairanikkulamtemple.org വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. തിരിച്ചറിയൽ രേഖയും മൊബൈൽ ഫോൺനമ്പറും ഇമെയിൽ ഐ.ഡിയും ഉപയോഗിച്ച് ഓൺലൈനിൽ ഒരേസമയം പരമാവധി 6 പേർക്കുവരെ ഒരുമിച്ച് ബുക്കുചെയ്യാം.

ജനുവരി 6 മുതൽ 16 വരെയുള്ള ഉത്സവദിവസങ്ങളിൽ അനുയോജ്യമായ ദർശനസമയം തിരഞ്ഞെടുക്കാം. വെർച്വൽക്യൂ ടോക്കൺ പ്രിന്റെടുക്കുകയോ മൊബൈലിൽ സേവ്‌ചെയ്ത് സൂക്ഷിക്കുകയോ ചെയ്യണം. ബുക്കിംഗ് പൂർത്തിയായശേഷം മൊബൈലിൽ എസ്.എം.എസായി ലഭിക്കുന്ന ട്രാക്കിംഗ്‌നമ്പറും ബുക്കുചെയ്ത മൊബൈൽനമ്പറും ഉപയോഗിച്ച് ഇതേ വെബ്‌സൈറ്റ് സന്ദർശിച്ചും ടോക്കൺ പ്രിന്റെടുക്കാം. ഒരുതവണ ബുക്കിംഗിനായി നൽകിയ തിരിച്ചറിയൽരേഖയും ഫോൺനമ്പറും വീണ്ടും ഉപയോഗിക്കാനാകില്ല. ദർശനത്തിനെത്തുമ്പോൾ ടോക്കണും ബുക്കുചെയ്ത ആളുടെ തിരിച്ചറിയൽരേഖയും നിർബന്ധമായും കൊണ്ടുവരണം. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെയും ദർശനം നടത്താം.

ജനുവരി 5ന് രാത്രി എട്ടിനാണ് നടതുറപ്പ്. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 1.30 വരെയും 2 മുതൽ രാത്രി 9 വരെയുമാണ് ദർശനസമയം. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് രാവിലെ 9 മുതൽ അന്നദാനവും ഉണ്ടാകുമെന്ന് സെക്രട്ടറി കെ.എ. പ്രസൂൺകുമാർ പറഞ്ഞു.