x
ബുധനാഴ്ച രാവിലെ ചരിഞ്ഞ എഥനോൾ ടാങ്കർ പൂർവസ്ഥിതിയിലാക്കാൻ ശ്രമിക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ ടീം

തൃപ്പൂണിത്തുറ: സീപോർട്ട് എയർപോർട്ട് റോഡിന്റെ തൃക്കാക്കര ഭാഗത്ത് നാലുവരി പാത വന്നപ്പോൾ തിരക്കേറിയ തൃപ്പൂണിത്തുറയിലെ വിളക്ക് ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വരെയുള്ള ഭാഗം തകർന്ന് തരിപ്പണമായി.

20 വർഷമായി ഒരു വികസനവും നടത്താത്ത ഈ പാത നാലുവരിയാക്കാൻ ഒരിഞ്ചു ഭൂമി പോലും ഏറ്റെടുക്കേണ്ടതില്ല. ഇരുമ്പനം മേഖലയിൽ സീപോർട്ട് എയർപോർട്ട് റോഡ് ദുരിതങ്ങളുടെ കയത്തിലാണ്. ടാങ്കർ ലോറികളുടെ ഇടമുറിയാതെയുള്ള വരവും പോക്കും അനധികൃത പാർക്കിംഗും നാട്ടുകാർക്ക് തലവേദനയാണ്.

നിരന്തര പൊതുജന പ്രക്ഷോഭങ്ങൾ മൂലം ജില്ലാ കളക്ടർ ഇടപെട്ട് ഇവിടുത്തെ അനധികൃത പാർക്കിംഗ് നിരോധിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 15ഓളം ഇരുചക്ര -കാൽനട യാത്രികർ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിട്ടുണ്ട്.

റോഡിനിരുവശത്തുമുള്ള ടാങ്കറുകളുടെ അനധികൃത പാർക്കിംഗ് മൂലം സീപോർട്ട് എയർപോർട്ട് റോഡിന്റെ ചിത്രപ്പുഴ പാലം വരെയുള്ള ഭാഗത്ത് പലയിടത്തും വശങ്ങളിലുള്ള മണ്ണ് രണ്ട് അടിയോളം താഴ്ന്ന അവസ്ഥയിൽ ആണ്. കഴിഞ്ഞ ദിവസമാണ് 40,000 ലിറ്റർ എഥനോൾ കയറ്റി വന്ന ടാങ്കർ ലോറി പാർക്കിംഗി​നിടെ ഇവിടെ ചരിഞ്ഞത്. തൃപ്പൂണിത്തുറയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ മണിക്കൂറുകൾ ശ്രമിച്ചാണ് ടാങ്കർ പൂർവസ്ഥിതിയിലാക്കിയത്.

.....................................

നോ പാർക്കിംഗ് ബോർഡുവച്ച വീടുകളുടെ മുന്നിൽ പോലും രണ്ടും മൂന്നും നിരയിൽ ട്രക്കുകൾ പാർക്ക് ചെയ്തിരിക്കുകയാണ്. സീപോർട്ട് എയർപോർട്ട് റോഡിൽ കരിങ്ങാച്ചിറ മുതൽ ഇൻഫോപാർക്ക് വരെയുള്ള ഏഴ് കിലോമീറ്റർ ദൂരം വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയാത്ര വളരെ ദുഷ്കരമാണ്. തൃപ്പൂണിത്തുറയിലെ റസിഡന്റ്സ് അസോസിയേഷൻ ട്രൂറ ഈ ആവശ്യം ഉന്നയിച്ച് ഉടനടി പ്രക്ഷോഭ നടപടികൾ ആരംഭിക്കും.

വി.പി. പ്രസാദ്, ട്രൂറ ചെയർമാൻ