ആലുവ: ശബരിമല ചരിത്രത്തിന്റെ ഭാഗമായ ശബരിമല സ്വാമി ഭക്തജനസംഘം പെരിയോൻ എ.കെ. വിജയകുമാർ നേതൃത്വം നൽകുന്ന ആലങ്ങാട് യോഗവും വെളിച്ചപ്പാട് കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ നേതൃത്വം നൽകുന്ന ആലങ്ങാട് യോഗം ട്രസ്റ്റും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഇരുസംഘടനകളുടെയും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാൽനൂറ്റാണ്ടിലേറെയായി നടന്നുവരുന്ന നിയമയുദ്ധമാണ് ഇതോടെ അവസാനിക്കുന്നത്. ഇതേത്തുടർന്ന് ജനുവരി 11ന് നടക്കുന്ന എരുമേലി പേട്ടതുള്ളൽമുതൽ സന്നിധാനംവരെയുള്ള ചടങ്ങുകളിലും ഇരുസംഘടനകളും ഒന്നിച്ചുപ്രവർത്തിക്കും. ഇരുകൂട്ടരും നടത്തിയ ചർച്ചയിലാണ് ധാരണയായത്.
മകരവിളക്കിന് തുടക്കംകുറിച്ച് ആലങ്ങാട് യോഗത്തിന്റെ ഉത്ഭവസ്ഥാനമായ ആലുവ മഹാദേവക്ഷേത്ര സന്നിധിയിൽനിന്ന് ജനുവരി രണ്ടിന് പേട്ട പുറപ്പാട് ആരംഭിച്ച് ഒമ്പതിന് എരുമേലിയിൽ സമാപിക്കും. വിവിധ ക്ഷേത്രങ്ങളിൽ രഥഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകും. യോജിപ്പിന്റെ ഭാഗമായി ഇന്നലെ മുപ്പത്തടത്തുള്ള ആലങ്ങാട് യോഗം കാമ്പിള്ളി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പാനകപൂജ നടന്നു. 26ന് ആലങ്ങാട് യോഗം ആസ്ഥാനത്ത് ആലങ്ങാട് യോഗം ട്രസ്റ്റ് വക മണ്ഡലച്ചിറപ്പ് നടത്തും.
ആലങ്ങാട് യോഗം സ്വാമിഭക്തജനസംഘം സെക്രട്ടറി രാജേഷ് പുറയാറ്റി കളരി, ഗിരീഷ് കെ. നായർ, ആലങ്ങാട് യോഗം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, പെരിയസ്വാമി മോഹനചന്ദ്രൻ കുറ്റിപ്പുഴ, ചെയർമാൻ കെ. അയ്യപ്പദാസ്, സെക്രട്ടറി എ.സി. കലാധരൻ, ട്രഷറർഎം.ജി. ഹരീഷ്‌കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.