പെരുമ്പാവൂർ: ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്ഷീരസംഗമം ഇന്ന് ആരംഭിക്കും. ക്ഷീര സഹകരണ സംഘങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ മിൽമ, കേരള ഫീഡ്‌സ്, വിവിധ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പുല്ലുവഴി ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ ഇന്ന് മുതൽ 20 വരെ പെരുമ്പാവൂർ ഇ.എം.എസ്. മുനിസിപ്പൽ ടൗൺ ഹാളിലാണ് പരിപാടികൾ നടക്കന്നത്. ക്ഷീരസംഗമം ഉദ്ഘാടനം 20 ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. സംഘങ്ങൾക്കുള്ള ധനസഹായ വിതരണോദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവും നിർവഹിക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും
ജില്ലാ ക്ഷീരവികസന വകുപ്പ് ഈ വർഷത്തെ ക്ഷീരകർഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ക്ഷീരകർഷകൻ ദീപു സെബാസ്റ്റ്യൻ, കുളങ്ങരപ്പടി പിറവം, മികച്ച ക്ഷീര കർഷക ലക്ഷ്മിക്കുട്ടി അകനാട് കൂവപ്പടി, എസ്.സി , എസ്.ടി ക്ഷീരകർഷകൻ ആദർശ് മന്നം, നോർത്ത് പറവൂർ, യുവകർഷകൻ വിഷ്ണു സുരേന്ദ്രൻ (24 വയസ്) എന്നിവരാണ്.
ഇന്ന് വൈകിട്ട് 3ന് ക്ഷീരസംഗമ വിളംബര ജാഥ എം.ടി. ജയൻ ഫ്ലാഗ് ഓഫ് ചെയ്യും. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ മുഖ്യാതിഥിയായിരിക്കും. 4ന് നഗരസഭാദ്ധ്യക്ഷൻ ടി.എം. സക്കീർ ഹുസൈൻ പതാക ഉയർത്തും. തിങ്കളാഴ്ച രാവിലെ 9ന് ക്ഷീരസംഘം ജീവനക്കാർക്കുള്ള ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. 12ന് ജീവനക്കാർക്കുള്ള ആദരം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും.