കൊച്ചി: എറണാകുളം അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതിനെച്ചൊല്ലി ബിഷപ്പ് ഹൗസിൽ വീണ്ടും സംഘർഷം. മേജർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നിയമിച്ച ഫാ. ആന്റണി പൂതവേലിക്കെതിരെ ഒരു വിഭാഗം വിശ്വാസികൾ പന്തം കൊളുത്തി പ്രതിഷേധിച്ചു.
കുർബാന ഏകീകരണ പ്രശ്‌നത്തിന്റെ സിരാകേന്ദ്രമായ ബസലിക്കയിൽ വിമതപക്ഷത്തെ അനുകൂലിക്കുന്ന ഫാ. ആന്റണി നരിക്കുളമാണ് റെക്ടർ. മറ്റൂർ ഇടവകയിലെ ഫാ. ആന്റണി പൂതവേലിയെ അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നിയമിച്ചത് കൂരിയ അറിയാതെയാണെന്ന് പ്രതിഷേധിച്ചവർ പറഞ്ഞു. ചുമതലയേൽക്കാൻ എത്തുമെന്ന വിവരത്തെത്തുടർന്ന് ഇന്നലെ രാത്രി അൽമായമുന്നേറ്റം പന്തംകൊളുത്തി പ്രകടനംനടത്തി.

അതിരൂപതയിലെ വലിയൊരുവിഭാഗം വൈദികരും അൽമായരും സെന്റ് മേരീസ് കത്തീഡ്രലിലാണ് സമരം ചെയ്തിരുന്നത്. പരിഷ്‌കരിച്ച കുർബാന നടപ്പിലാക്കാൻ രണ്ടാഴ്ചമുമ്പ് ശ്രമിച്ചതിനെത്തുടർന്ന് കത്തീഡ്രലിൽ സംഘർഷം ഉണ്ടായിരുന്നു. പിന്നാലെ പൊലീസ് കത്തീഡ്രൽ പൂട്ടുകയും ചെയ്തു. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.