road

ആലുവ: ആലുവ - കിഴക്കമ്പലം റോഡിലെ പുക്കാട്ടുപടി - കിഴക്കമ്പലം ഭാഗത്ത് കുഴികൾ വ്യാപകമായിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനെരെ പ്രതിഷേധം വ്യാപകമായി. മഴയും കൂടിയതോടെ പല ഭാഗത്തും കുഴികൾ കൂടി വരികയാണ്. ഇപ്പോഴും ഗ്യാരണ്ടി നിലവിലുള്ള റോഡാണിത്.

റോഡ് അവസ്ഥയിൽ പൊട്ടി പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡാണിത്. ഇതുമൂലം യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്. പൂക്കട്ടുപടിയിൽ നിന്നാരംഭിക്കുന്ന പ്രസ്തുത റോഡിന്റെ ആരംഭത്തിൽ വലിയ കുഴിയുണ്ടായിരുന്നു. ഏകദേശം അഞ്ചുമാസത്തോളം ആ കുഴി റോഡിൽ യാത്രക്കാർക്ക് ദുരിതമായി നിലകൊണ്ടിരുന്നു. കുഴിയടക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും യാത്രക്കാരും നിരന്തരം ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ യാതൊരു നടപടിയുമുണ്ടായില്ല. ഇതേ തുടർന്ന് അതുവഴിയുള്ള ഒരു സ്ഥിരയാത്രികൻ പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിൽ വിവരമറിയിച്ചു. ഇതിന്റെ
ഫലമായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ് ഇടപെട്ട് 24 മണിക്കൂറിനകം റോഡ് അറ്റകുറ്റപ്പണി ചെയ്യിച്ചു. എന്നാൽ സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയുള്ള മറ്റൊരു കുഴി അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇതിന് പുറമെ ചെറുതും വലുതുമായ അനേകം കുഴികൾ ഇപ്പോഴും റോഡിൽ കിഴക്കമ്പലം വരെ ഉണ്ട്. വിവരങ്ങൾ റോഡിന്റെ ചുമതലയിലുള്ള പെരുമ്പാവൂർ അസി. എക്‌സി.എൻജിനിയറേയും പുത്തൻകുരിശ് അസി. എൻജിനിയറെയും നാട്ടുകാർ അറിയിച്ചെങ്കിലും ഇതുവരേക്കും ഫലമുണ്ടായില്ല.