
കൊച്ചി: പയ്യന്നൂരിലെ കോളേജിൽ
ബി.ടെക് ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കെ ബൈക്ക് അപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട സജേഷ്‌കൃഷ്ണൻ, തിരഞ്ഞെടുത്തത് കായികലോകം. അന്നുവരെ ചെറിയൊരു ഓട്ടമത്സരത്തിൽപ്പോലും പങ്കെടുത്തിട്ടില്ലാത്ത സജേഷ് ഇന്നു കേരളത്തിന്റെ അജയ്യനായ ബ്ളേഡ് റണ്ണർ. ഒരു കാൽ നഷ്ടപ്പെട്ട സജേഷ്, കാൻസർ ബാധിച്ച് വലതുകാൽ നഷ്ടപ്പെട്ട സുഹൃത്ത് നീരജിനൊപ്പം ട്രക്കിംഗ് നടത്തി കയറിയത് കുടകിലെ തടിയന്റെ മോൾ മലനിരകൾ. സമുദ്ര നിരപ്പിൽനിന്ന് 6,000 അടി ഉയരത്തിൽവരെ എത്തി. പങ്കെടുത്ത മാരത്തോണുകൾ 40.
പയ്യന്നൂർ വെള്ളൂർ കിഴക്കുംപാട്ട് സജേഷ്‌കൃഷ്ണന് (35) മാരത്തോൺ ഇപ്പോൾ ലഹരിയാണ്.
2017ൽ കൊച്ചിയിൽ ' റൺ ഫോർ ലെഗ്‌സ് ' എന്ന പേരിൽ നടത്തിയ 10 കിലോമീറ്റർ മാരത്തോണിലായിരുന്നു തുടക്കം. അന്ന് ഒന്നാമനായി. അതോടെ ദിവസേന അഞ്ചു കിലോമീറ്റർ ഓടുന്നത് ശീലമാക്കി. സോൾസ് ഒഫ് കൊച്ചിൻ റണ്ണേഴ്‌സ് ക്ലബ് കഴിഞ്ഞ നാലിന് സംഘടിപ്പിച്ച കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തോണിൽ മൂന്നേ കാൽ മണിക്കൂർ കൊണ്ട് 21.1 കിലോ മീറ്റർ (ഹാഫ് മാരത്തോൺ ) പൂർത്തിയാക്കി. 24 ന് നടക്കുന്ന കണ്ണൂർ പേരാവൂർ മാരത്തോണിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.
അപകടം നൽകിയ ആത്മവിശ്വാസം
2005ലെ അപകടത്തിനുശേഷം കൃത്രിമ കാലിലായിരുന്നു ജീവിതമെങ്കിലും ഒരുകാര്യത്തിലും പിന്നിലാവാൻ സജേഷ് നിന്നുകൊടുത്തില്ല. ഡ്രൈവിംഗ് പഠിച്ചു. പുഴയിൽ നീന്തി. ബി.ടെക് പൂർത്തിയാക്കി 2009ൽ ബംഗളൂരുവിൽ ജോലിയിൽ പ്രവേശിച്ചു.
വിദേശത്ത് ജോലിയും തരപ്പെടുത്തി. പക്ഷേ,
കൃത്രിമ കാലിന്റെ പേരിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനാൽ ഒമാൻ കമ്പനിയിലെ ജോലി കൈവിട്ടുപോയി.
പിന്നീട് കണ്ണൂർ ഗവ.ഐ.ടി.ഐയിൽ താത്കാലിക ഇൻസ്ട്രക്ടറായി.
അക്കാലത്താണ് വാട്‌സാപ് ഗ്രൂപ്പിൽ അഞ്ചുകിലോമീറ്റർ ഓടാൻ താത്പര്യമുള്ള 20 പേരെ സ്‌പൈസസ് മാരത്തോൺ സ്‌പോൺസർ ചെയ്യുമെന്ന അറിയിപ്പ് എത്തുന്നത്. ദൗത്യം വെളിപ്പെടുത്താതെ പരിശീലനം തുടങ്ങി. 2015 നവംബർ 14ന് കൊച്ചിയിൽ ഓടി വാർത്താതാരമായി. സജേഷിന്റെ ചാനൽ അഭിമുഖം കണ്ട് റിസംബിൾ സിസ്റ്റം എന്ന ബഹുരാഷ്ട്ര കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ നസീർ അവൽ ബംഗളൂരുവിലെ ഓഫീസിൽ എച്ച്.ആർ. മാനേജരായി ജോലി നൽകുകയായിരുന്നു.