കൊച്ചി: തേവര– പേരണ്ടൂർ കനാലിലേക്ക് (ടി.പി കനാൽ) തുറന്നു വച്ചിരിക്കുന്നതു 100 മലിന ജലക്കുഴലുകൾ. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ സർവേയിൽ പ്രമുഖ ഫ്ളാറ്റുകൾ, വീടുകൾ എന്നിവയിൽ നിന്നുള്ള ദ്രവമാലിന്യം ശരിയായ രീതിയിൽ സംസ്‌കരിക്കാതെ കനാലിലേക്ക് തുറന്നു വിടുകയാണെന്നു കണ്ടെത്തി.
കനാലിലേക്ക് മലിന ജലം ഒഴുക്കിയതിന് 2021 ഒക്ടോബർ മുതൽ 2022 ജൂലായ് വരെയുള്ള കാലത്ത് 20.86 ലക്ഷം രൂപ പിഴ ഈടാക്കിയതായി ദേശീയ ഹരിത ട്രൈബ്യൂണലിനു കോർപ്പറേഷൻ റിപ്പോർട്ട് നൽകി. കനാലിലേക്കു തുറന്നു വച്ച ചില മലിന ജലക്കുഴലുകൾ അടച്ചുപൂട്ടിയെന്നും ചിലത് അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

മാലിന്യ വഴികൾ ഇങ്ങനെ

* ഡിവിഷൻ 62 (എറണാകുളം സൗത്ത്): പ്രമുഖ ഫ്ളാറ്റ് സമുച്ചയങ്ങളിൽ നിന്നുൾപ്പെടെ 12 മലിനജല കുഴലുകൾ.
* ഡിവിഷൻ 60 (പെരുമാനൂർ): ടി.പി കനാലിനോടു ചേർന്നു താമസിക്കുന്ന 25 വീടുകളിൽ നിന്നുള്ള മാലിന്യം. ഇവർക്ക് സെപ്റ്റിക് ടാങ്കോ, പിറ്റോ നിർമ്മിക്കാൻ സ്ഥലമില്ല.
*ഡിവിഷൻ 58 (കോന്തുരുത്തി): ഏഴു വീടുകളിൽ നിന്നുള്ള മലിനജലം.

* ഡിവിഷൻ 59 (തേവര): 20 വീടുകളിൽ നിന്ന് മലിനജല കുഴലുകൾ കനാലിലേക്ക്.
* ഡിവിഷൻ 33 (എളമക്കര നോർത്ത്): മാലിന്യസംസ്കരണ സംവിധാനം (എസ്.ടി.പി) ഉള്ള ഫ്ളാറ്റിലെ മലിനജലം കനാലിലേക്കു തുറന്നു വിടുന്നു. മറ്റൊരു ഫ്ളാറ്റിൽ എസ്.ടി.പിയില്ലെന്നും കണ്ടെത്തി. ഇരു ഫ്ളാറ്റ് സമുച്ചയങ്ങൾക്കും നോട്ടിസ് നൽകി.
* ഡിവിഷൻ 37 (ഇടപ്പള്ളി): എസ്.ടി.പിയുള്ള ഫ്ളാറ്റുകളിൽ പോലും ദ്രവമാലിന്യം കനാലിലേക്ക് ഒഴുക്കുന്നു. ചമ്പക്കടവ്, റെയിൽവേ പാലത്തിനും സമീപം മാലിന്യം കെട്ടിക്കിടക്കുന്നു.
* ഡിവിഷൻ 38 (ദേവൻകുളങ്ങര): ടിംബർ പാലം, എൻ.എച്ച് പാലം, പൈപ്‌ലൈൻ പാലം, മരോട്ടിച്ചോട് പാലം എന്നിവിടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നു.
* ഡിവിഷൻ 41 (പാടിവട്ടം): ഹോട്ടലുകൾ, ഫ്ളാറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് ദ്രവമാലിന്യം കനാലിലേക്ക്. ചെമ്പുമുക്ക് പാലത്തിന് സമീപം മാലിന്യം കെട്ടിക്കിടക്കുന്നു.
* ഡിവിഷൻ 56 (പനമ്പിള്ളി നഗർ): യുവജന സമാജം റോഡിലെ പാലത്തിനു സമീപം അറവുശാല മാലിന്യം കെട്ടിക്കിടക്കുന്നു.
* ഡിവിഷൻ 63 (ഗാന്ധിനഗർ): കടവന്ത്ര മാർക്കറ്റിൽ നിന്നു അറവുശാല മാലിന്യം വരെ കനാലിലേക്ക് ഒഴുക്കുന്നു.

നോട്ടിസ് നൽകി

ഉദയാകോളനിയിലെയും പി ആൻഡ് ടി കോളനിയിലെയും ദ്രവമാലിന്യം നേരിട്ടു കനാലിലേക്ക് ഒഴുകുന്നതിനെതിര ജി.സി.ഡി.എയ്ക്കു നോട്ടിസ് നൽകി.

വീടുകൾക്കു സ്റ്റെപിക് ടാങ്കോ, പിറ്റോ നിർമ്മിക്കാൻ സ്ഥലമില്ല.

* ഡിവിഷൻ 35 (പോണേക്കര): എസ്.ടി.പിയില്ലാത്ത ഫ്ളാറ്റ് സമുച്ചയത്തിന് നോട്ടീസയച്ചു.

* ഡിവിഷൻ 69 (തൃക്കണാർവട്ടം): ദ്രവമാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത (എസ്.ടി.പി) ഫ്ളാറ്റിന് നോട്ടിസ് നൽകി.
* ഡിവിഷൻ 73 (പച്ചാളം): കനാലിലേക്കു തുറന്നുവച്ച 11 വീടുകളിലെ മലിനജലക്കുഴലുകൾ അടച്ചുപൂട്ടി