കൊച്ചി: യാത്രാക്ളേശം രൂക്ഷമായ വൈപ്പിൻ-ഫോർട്ടുകൊച്ചി റൂട്ടിൽ പുതിയ റോ -റോ ജങ്കാർ നിർമ്മിച്ച് സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് വൈപ്പിൻ ജനകീയകൂട്ടായ്മ മേയർ എം. അനിൽകുമാറിന് നിവേദനം നൽകി. പുതുതായി നിർമ്മിക്കുന്ന ജങ്കാറിന് വലിപ്പം കൂട്ടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. മൂന്നാമതൊരു ജങ്കാർ കൂടി വേണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് ഇതിനായി സംസ്ഥാന സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ പത്തു കോടി രൂപയും അനുവദിച്ചു. എന്നാൽ ഇതുവരെ നടപടികൾ മുന്നോട്ടുനീങ്ങിയിട്ടില്ല.

പുതിയ ജങ്കാർ നിർമ്മിക്കുമ്പോൾ ഇപ്പോഴുള്ളതിനേക്കാൾ നീളവും വീതിയും കൂട്ടണം. വലിപ്പം കൂട്ടിയാൽ കൂടുതൽ യാത്രക്കാരെയും വാഹനങ്ങളെയും കയറ്റാമെന്നും ചെയർമാൻ അഡ്വ. മജ്നു കോമത്ത്, കൺവീനർ ജോണി വൈപ്പിൻ എന്നിവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.